TMJ
searchnav-menu
post-thumbnail

ഇമ്രാന്‍ ഖാന്‍ | PHOTO: TWITTER

TMJ Daily

മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍

05 Aug 2023   |   3 min Read
TMJ News Desk

മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തോഷഖാന കേസില്‍ അറസ്റ്റില്‍. കോടതി ഉത്തരവിനു പിന്നാലെ ലാഹോറിലെ വസതിയില്‍ നിന്നാണ് ഇമ്രാന്‍ ഖാനെ പൊലീസ് അറസ്റ്റുചെയ്തത്. മൂന്നു വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും തിരഞ്ഞെടുപ്പിന് മത്സരിക്കുന്നതിന് 5 വര്‍ഷത്തെ വിലക്കുമാണ് അഡീഷണല്‍ ജഡ്ജി ഹുമയൂണ്‍ ദിലാവര്‍ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇമ്രാന്‍ ഖാന്‍ അറിയിച്ചു. പാകിസ്ഥാന്‍ ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

തോഷഖാന കേസ്

പാകിസ്ഥാനില്‍ ഭരണാധികാരികള്‍, നിയമനിര്‍ണ സഭാംഗങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് വിദേശ രാജ്യങ്ങളുടെ തലവന്മാര്‍, ഗവണ്‍മെന്റുകള്‍, മുതലായവര്‍ നല്‍കുന്ന മൂല്യമേറിയ സമ്മാനങ്ങള്‍ സംഭരിക്കുന്ന വകുപ്പാണ് തോഷഖാന. 1974 ലാണ് ഇത് സ്ഥാപിതമായത്. നിയമം ബാധകമാകുന്ന ആളുകള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ കാബിനറ്റ് ഡിവിഷനില്‍ അറിയിക്കുകയും തോഷാഖാനയില്‍ ഏല്‍പ്പിക്കുകയും വേണം. പാക് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ഈ നിയമത്തില്‍ ഇളവുണ്ട്. 30,000 പാകിസ്ഥാനി രൂപയ്ക്ക് താഴെവിലയുള്ള സമ്മാനങ്ങളാണ് ഇവര്‍ക്ക് സ്വന്തമാക്കാന്‍ കഴിയുക. അതും സമ്മാനത്തിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന മൂല്യത്തിന്റെ ഒരു നിശ്ചിത ശതമാനം അടച്ചുകൊണ്ട് മാത്രം. 

ഇമ്രാന്‍ ഖാന്‍ പ്രധാമനമന്ത്രിയായിരിക്കെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ സ്വന്തം നിലയ്ക്ക് വിറ്റുപണമാക്കി എന്നാരോപിച്ച് കൊണ്ട് 2022 ഓഗസ്റ്റില്‍ മുഹ്സിന്‍ ഷാനവാസ് രഞ്ജയാണ് ഇമ്രാന്‍ ഖാനെതിരെ കേസ് ഫയല്‍ ചെയ്തത്. അധികാരത്തിലിരിക്കെ ഇമ്രാന്‍ ഖാന്‍ തനിക്ക് ലഭിച്ച സമ്മാനത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു പത്രപ്രവര്‍ത്തകന്‍ വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയാണ് വിവാദങ്ങള്‍ ഉണ്ടാവാന്‍ കാരണമായത്. എന്നാല്‍ അന്ന് അധികാരത്തിലിരുന്ന സര്‍ക്കാര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് മറ്റുരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ അന്ന് വാദിച്ചത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനില്‍ പരാതി നല്‍കി. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കണമെന്ന് ഫെഡറല്‍ കമ്മീഷന്‍ ക്യാബിനറ്റ് വിഭാഗത്തിന് നിര്‍ദേശം നല്‍കി. എന്നാല്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇത് നടപ്പിലാക്കാന്‍ തയ്യാറായില്ല. അതുകൊണ്ട് തന്നെ മാധ്യമ പ്രവര്‍ത്തകന്‍ ഇസ്ലാമബാദ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ വാദം കേട്ട കോടതി ഇമ്രാന്‍ഖാന്‍ തോഷഖാനെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് 2022 ഏപ്രിലില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനം കൈക്കൊള്ളുന്നതിന് മുന്‍പെ തന്നെ ഇമ്രാന്‍ ഖാന് അധികാരം നഷ്ടമായി. പിന്നീട് ഭരണമാറ്റം നടക്കുന്നതിനിടയില്‍ തോഷഖാനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. 

2022 ഏപ്രിലാണ് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് ഇമ്രാന്‍ ഖാന്‍ പുറത്താകുന്നത്. ദേശീയ സഭയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇമ്രാന്‍ ഖാന് അധികാരം നഷ്ടമാകുന്നത്. ഭരണപക്ഷത്തിരിക്കുന്ന ചില കക്ഷികളും പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ചു. പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ ഇമ്രാന്‍ ശ്രമിച്ചിട്ടുണ്ട്. അതോടെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചു. അവിശ്വാസ വോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം വസൂരി നിരാകരിക്കുകയും ഇമ്രാന്‍ഖാന്റെ ശുപാര്‍ശപ്രകാരം പ്രസിഡന്റ് ആരിഫ് അല്‍വി ദേശീയ സഭ പിരിച്ചുവിടുകയും ഉണ്ടായി. ഇതില്‍ സുപ്രീംകോടതി ഇടപെടുകയും  ദേശീയ സഭ പുനഃസ്ഥാപിക്കാനും അവിശ്വാസ വോട്ടെടുപ്പ് നടത്താനും നിര്‍ദേശിച്ചു. 

അധികാരത്തില്‍ നിന്ന് പുറത്തായ ഇമ്രാനെതിരെ, ഓഗസ്റ്റ് നാലിന്, സഭാംഗമെന്ന നിലയില്‍ അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ അസംബ്ലി സ്പീക്കര്‍ക്ക് പരാതി നല്‍കി.സമ്മാനങ്ങള്‍ വിറ്റ് സമ്പാദിച്ച പണം തന്റെ സ്വത്തുബാധ്യതകളുടെ വിവരങ്ങളില്‍ ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടുത്തിയില്ലെന്നായിരുന്നു ആരോപണം. പാകിസ്ഥാനില്‍ എല്ലാ വര്‍ഷവും സഭാംഗങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ആസ്തി-ബാധ്യതാക്കണക്കുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ സമ്മാനങ്ങള്‍ വിറ്റതായി ഇമ്രാന്‍ സമ്മതിച്ചു. സെപ്റ്റംബര്‍ എട്ടിന് നല്‍കിയ കത്തിലാണ്, പ്രധാനമന്ത്രി എന്ന നിലയില്‍ വിവിധ രാഷ്ട്രത്തലവന്മാരില്‍നിന്ന് തനിക്ക് ലഭിച്ച നാല് സമ്മാനങ്ങള്‍ വിറ്റതായി ഇമ്രാന്‍ സമ്മതിച്ചത്. എന്നാല്‍, അവയുടെ മൂല്യത്തിന്റെ ഒരു ശതമാനം നല്‍കി സര്‍ക്കാരില്‍നിന്ന് വാങ്ങിയതായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. തോഷഖാനയില്‍നിന്ന് 2.15 കോടി രൂപയ്ക്ക് വാങ്ങിയ സമ്മാനങ്ങള്‍ വിറ്റത് വഴി ഏകദേശം 5.8 കോടി രൂപ ലഭിച്ചതായും അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് പാകിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 63, സെക്ഷന്‍ രണ്ട്, മൂന്ന്, ആര്‍ട്ടിക്കിള്‍ 62 ഒന്ന് (എഫ്) എന്നിവ പ്രകാരം ഇമ്രാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ അംഗങ്ങള്‍ ഇമ്രാന്‍ ഖാനെതിരെയുള്ള തെളിവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ ഹാജരാക്കി. ശേഷം സമ്മാനങ്ങള്‍ വിറ്റതിന്റെ പേരില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2022 ഒക്ടോബര്‍ 21-ന് ഇമ്രാന്‍ ഖാനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ദേശീയ അസംബ്ലിയില്‍ നിന്ന് അയോഗ്യനാക്കി. അഞ്ചുവര്‍ഷത്തേക്ക് പാര്‍ലമെന്റ് അംഗമാകുന്നത് വിലക്കുകയും ചെയ്തു. നിലവില്‍, ശനിയാഴ്ച വന്ന വിധിപ്രകാരം മൂന്നു വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും തിരഞ്ഞെടുപ്പിന് മത്സരിക്കുന്നതിന് 5 വര്‍ഷത്തെ വിലക്കുമാണ് അഡീഷണല്‍ ജഡ്ജി ഹുമയൂണ്‍ ദിലാവര്‍ ഇമ്രാന്‍ ഖാനെതിരെ വിധിച്ചത്.

#Daily
Leave a comment