TMJ
searchnav-menu
post-thumbnail

TMJ Daily

മലേഷ്യന്‍ ജനതയോട് മാപ്പ് പറഞ്ഞ് മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ്

25 Oct 2024   |   1 min Read
TMJ News Desk

ലേഷ്യന്‍ ജനതയോട് നിരുപാധികം മാപ്പ് പറഞ്ഞ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ്. റസാഖിന്റെ മകന്‍ മുഹമ്മദ് നിസാര്‍ നജീബ് ആണ് പത്രസമ്മേളനത്തില്‍ അദ്ദേഹത്തിനൊപ്പം മാപ്പപേക്ഷ അടങ്ങിയ പ്രസ്താവന മാധ്യമങ്ങൾക്ക് നൽകിയത്. വണ്‍ മലേഷ്യ ഡെവലപ്മെന്റ് (1എംഡിബി) യുടെ 450 കോടി ഡോളറിന്റെ വികസനഫണ്ടില്‍ തിരിമറി നടത്തിയെന്ന 2009 ലെ കേസിലാണ് നജീബ് ശിക്ഷിക്കപ്പെട്ടത്.

ഫണ്ട് കൈകാര്യം ചെയ്തതില്‍ വീഴ്ചയുണ്ടായെന്ന് നജീബ് സമ്മതിച്ചിരുന്നു. ഈ ഫണ്ടില്‍ നിന്ന് 10 ലക്ഷം ഡോളര്‍ തന്റെ അക്കൗണ്ടില്‍ വന്നതിനെപ്പറ്റി അറിവില്ലെന്ന് നജീബ് പറഞ്ഞു. ഈ തുക  സൗദി അറേബ്യയില്‍ നിന്നുള്ള സംഭാവനയാണ് എന്നാണ് കരുതിയതെന്നും ഒരുനാള്‍ നിരപരാധിത്വം തെളിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

2020ലാണ് 1എംഡിബിയുടെ മുന്‍ യൂണിറ്റായ എസ്ആർസി ഇന്റര്‍നാഷണലില്‍ നിന്ന് ഏകദേശം 10 മില്യണ്‍ ഡോളര്‍ അനധികൃതമായി സ്വീകരിച്ചതിന് അധികാര ദുര്‍വിനിയോഗം, ക്രിമിനല്‍ വിശ്വാസലംഘനം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയ്ക്ക് നജീബ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2022 ഓഗസ്റ്റില്‍, നജീബിന് ഈ കേസില്‍ നൽകിയ അന്തിമ അപ്പീല്‍ തള്ളിയിരുന്നു. സെലാംഗൂരിലെ കജാങ് ജയിലില്‍ 12 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് അദ്ദേഹം. മലേഷ്യയുടെ മുന്‍ രാജാവിന്റെ അധ്യക്ഷതയിലുള്ള ബോര്‍ഡ് പിന്നീട് ശിക്ഷ പകുതിയായി കുറയ്ക്കുകയായിരുന്നു.



#Daily
Leave a comment