
6,000 കോടി രൂപയുടെ തട്ടിപ്പ്; മുന്‍ യൂക്കോ ബാങ്ക് ചെയര്‍മാന്‍ അറസ്റ്റില്‍
ആറായിരം കോടി രൂപയുടെ തട്ടിപ്പ് കേസില്‍ മുന്‍ യൂക്കോ ചെയര്‍മാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. സുബോധ കുമാര്‍ ഗോയലാണ് അറസ്റ്റിലായത്.
കോണ്‍കാസ്റ്റ് സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിന് വായ്പകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് കേസെന്ന് ഇഡി പ്രസ്താവിച്ചു. 6,210.72 കോടി രൂപയുടെ വായ്പ തുക വകമാറ്റിയെന്നും പ്രസ്താവനയില്‍ പറയുന്നു.
മെയ് 16നാണ് ഗോയലിനെ ഡല്‍ഹിയിലെ വീട്ടില്‍നിന്നും ഇഡിയുടെ കൊല്‍ക്കത്ത സോണല്‍ ഓഫീസ് അറസ്റ്റ് ചെയ്തത്. മെയ് 17ന് കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ഗോയലിനെ മെയ് 21 വരെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു.
സിബിഐയുടെ ബാങ്ക് സെക്യൂരിറ്റീസ് ആന്‍ഡ് ഫ്രോഡ്‌സ് ബ്രാഞ്ച് സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇഡി അന്വേഷണം നടത്തിയത്.
2002ലെ കള്ളപ്പണം തടയല്‍ നിയമം അനുസരിച്ചുള്ള ഒരു ബാങ്ക് തട്ടിപ്പ് കേസില്‍ സിഎസ്പിഎല്ലിനും മറ്റും എതിരെ ഇഡി നിലവില്‍ അന്വേഷണം നടത്തുന്നുണ്ട്. സഞ്ജയ് സുരേഖയുടേയും സിഎസ്പിഎല്ലിന്റേയും 510 കോടി രൂപയുടെ ആസ്തികള്‍ ഇഡി താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു.
ഗോയലിന്റെ കാലയളവില്‍ സിഎസ്പിഎല്ലിന് വന്‍തോതില്‍ വായ്പകള്‍ അനുവദിച്ചിരുന്നു. ഈ തുക പിന്നീട് സിഎസ്പിഎല്‍ വകമാറ്റിയെന്നാണ് ആരോപണം.


