TMJ
searchnav-menu
post-thumbnail

TMJ Daily

മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു

30 Dec 2024   |   1 min Read
TMJ News Desk

നിലക്കടല കര്‍ഷകനില്‍ നിന്നും യുഎസ് പ്രസിഡന്റ് പദവി വരെ എത്തിയ ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന യുഎസ് പ്രസിഡന്റായ കാര്‍ട്ടര്‍ക്ക് നൂറ് വയസ്സായിരുന്നു. വാട്ടര്‍ഗേറ്റ് വിവാദത്തിനും വിയറ്റ്‌നാം യുദ്ധത്തിനും പിന്നാലെയാണ് കാര്‍ട്ടര്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. 39-ാമത്തെ പ്രസിഡന്റായിരുന്നു. 1977 മുതല്‍ 1981 വരെ യുഎസ് പ്രസിഡന്റായിരുന്ന അദ്ദേഹത്തിന് 2002-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.

കഴിഞ്ഞ 22 മാസമായി സ്വന്തം സംസ്ഥാനമായ ജോര്‍ജിയയിലെ ഒരു ഹോസ്പീസ് കേന്ദ്രത്തില്‍ ആണ് അദ്ദേഹം വസിച്ചിരുന്നത്. 2023 നവംബറില്‍ അദ്ദേഹത്തിന്റെ ഭാര്യ റോസലിന്‍ 96-ാം വയസ്സില്‍ അന്തരിച്ചിരുന്നു. ദി കാര്‍ട്ടര്‍ സെന്ററാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത എക്‌സിലൂടെ പുറത്ത് വിട്ടത്.

ബിസിനസുകാരന്‍, നാവിക ഉദ്യോഗസ്ഥന്‍, സുവിശേഷ പ്രാസംഗികന്‍, രാഷ്ട്രീയക്കാരന്‍, മദ്ധ്യസ്ഥന്‍, ലോക പൗരന്‍ എന്നീ നിലകളില്‍ കാര്‍ട്ടര്‍ മികവ് പുലര്‍ത്തി. അദ്ദേഹം 80 വയസ്സ് കഴിഞ്ഞശേഷവും നയതന്ത്ര ദൗത്യങ്ങളില്‍ പങ്കാളിയാകുമായിരുന്നു. കൂടാതെ, 90 വയസ്സ് കഴിഞ്ഞിട്ടും പാവപ്പെട്ടവര്‍ക്കു വീട് നിര്‍മ്മിച്ച് നല്‍കുമായിരുന്നു.

മിതവാദിയായ ഡെമോക്രാറ്റായിരുന്നു അദ്ദേഹം. 1976-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിന് അദ്ദേഹം ഇറങ്ങുമ്പോള്‍ അധികം പ്രശസ്തനല്ലാത്ത ജോര്‍ജിയ ഗവര്‍ണറായിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ജെറാള്‍ഡ് ഫോര്‍ഡിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

'ഞാന്‍ എപ്പോഴെങ്കിലും നിങ്ങളോട് നുണ പറഞ്ഞിട്ടുണ്ടെങ്കില്‍, ഞാന്‍ എപ്പോഴെങ്കിലും തെറ്റിദ്ധാരണാജനകമായ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ എനിക്ക് വോട്ട് ചെയ്യരുത്. നിങ്ങളുടെ പ്രസിഡന്റ് ആകാനുള്ള യോഗ്യത എനിക്കില്ല,' കാര്‍ട്ടര്‍ പ്രചാരണവേളയില്‍ പറഞ്ഞു.

1978-ല്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തിനേയും ഇസ്രായേല്‍ പ്രധാനമന്ത്രി മെനാച്ചെം ബെഗിനിനേയും സമാധാന ചര്‍ച്ചാ മേശയ്ക്കിരുവശവും കൊണ്ടുവന്ന് സമാധാനക്കരാറില്‍ ഒപ്പ് ഇടീപ്പിക്കാന്‍ കഴിഞ്ഞതാണ് കാര്‍ട്ടറിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം.

എങ്കിലും 1980-ല്‍ അദ്ദേഹം റിപ്പബ്ലിക്കനായ റൊണാള്‍ഡ് റീഗനോട് പരാജയപ്പെട്ടു. 444 ദിവസം നീണ്ടുനിന്ന ഇറാന്‍ ബന്ദി വിഷയവും ഇരട്ടയക്കം കടന്ന പണപ്പെരുപ്പവും പെട്രോള്‍ ലഭ്യതയിലുണ്ടായ കുറവും എല്ലാം അദ്ദേഹത്തിന്റെ പരാജയത്തിന് കാരണമായി.





#Daily
Leave a comment