പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു
പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 2000 മുതല്‍ 2011 വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം 2018 ല്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് വിട്ടുനിന്നിരുന്നു. 2019 ഫെബ്രുവരിക്ക് ശേഷം പൊതുപരിപാടികളിലും ഭട്ടാചാര്യ പങ്കെടുത്തിരുന്നില്ല.
1944 മാര്‍ച്ച് ഒന്നിന് വടക്കന്‍ കൊല്‍ക്കത്തയിലാണ് ബുദ്ധദേവ് ഭട്ടാചാര്യ ജനിച്ചത്. 1966-ല്‍ സിപിഎമ്മില്‍ പ്രാഥമിക അംഗമായി. 1968-ല്‍ ഡി.വൈ.എഫ്.ഐ പശ്ചിമ ബംഗാള്‍ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായി. 1971 ല്‍ സിപിഎം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റിയിലേക്കും തുടര്‍ന്ന് 1982-ല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1985-ല്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 2000-ല്‍ പോളിറ്റ് ബ്യൂറോ അംഗമാവുകയും ചെയ്തു.
1977-ല്‍ ബംഗാള്‍ മന്ത്രിസഭയിലെത്തി. 1996-ല്‍ ആഭ്യന്തര മന്ത്രിയും 1999-ല്‍ ഉപമുഖ്യമന്ത്രിയുമായ ബുദ്ധദേവ്, 2000 മുതല്‍ 2011 വരെ മൂന്ന് തവണകളായിട്ടാണ് മുഖ്യമന്ത്രിസ്ഥാനം വഹിച്ചത്. കവി, പ്രാസംഗികന്‍ എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. 2022ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം അദ്ദേഹം നിരസിച്ചിരുന്നു.