PHOTO: WIKI COMMONS
അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി; പ്രതികള്‍ക്കായി അന്വേഷണം വ്യാപകം
കൊല്ലം ഓയൂരില്‍ ഇന്നലെ വൈകിട്ട് തട്ടികൊണ്ടുപോയ ആറുവയസ്സുകാരി അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അന്വേഷണം ഊര്‍ജിതമായ സാഹചര്യത്തില്‍ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
21 മണിക്കൂര്‍ നീണ്ട ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലം എസ്എന്‍ കോളേജിലെ മൂന്നു വിദ്യാര്‍ത്ഥിനികളാണ് കുട്ടിയെ ആദ്യം കണ്ടത്. കുട്ടിക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നതായാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. തുടര്‍ന്ന് പോലീസെത്തി കുട്ടി അബിഗേലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കോടതിയില്‍ ഹാജരാക്കിയശേഷം ഇന്ന് വൈകുന്നേരത്തോടെ തന്നെ കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കും.
കൊല്ലം ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ചാണ് കുട്ടിയെ ഇന്നലെ വൈകിട്ട് 4.45 ഓടെയാണ് തട്ടിക്കൊണ്ടുപോയത്. വെള്ളനിറത്തിലുള്ള ഹോണ്ട കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. എട്ടുവയസ്സുകാരന്‍ സഹോദരന്‍ യോനാഥനൊപ്പം സ്‌കൂള്‍വിട്ട് വീട്ടിലെത്തിയശേഷം ട്യൂഷന് പോകവെയാണ് സംഭവം. ഓയൂര്‍ പൂയപ്പള്ളി മരുതമണ്‍ പള്ളിയിലെ റോഡിലിറങ്ങിയതോടെ കാറില്‍ കാത്തുനിന്നവര്‍ കുട്ടികളെ ബലമായി വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. കാറിന്റെ വാതില്‍ അടയ്ക്കുന്നതിനിടെ യോനാഥന്‍ രക്ഷപ്പെടുകയായിരുന്നു. അമ്മയ്ക്ക് കൊടുക്കാനെന്നു പറഞ്ഞ് പേപ്പര്‍ നീട്ടിയാണ് കുട്ടികളെ കാറിനടുത്തേക്ക് വിളിച്ചത്.
തുടര്‍ന്ന് കുട്ടിയുടെ അമ്മയെ ഫോണില്‍ വിളിച്ച് പ്രതികള്‍ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പിന്നീട് മറ്റൊരു ഫോണില്‍ നിന്ന് വിളിച്ച് കുട്ടി സുരക്ഷിതയാണെന്നും 10 ലക്ഷം രൂപ തന്നാല്‍ കുട്ടിയെ തിരികെ ഏല്പിക്കാമെന്ന് പറഞ്ഞു.
അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
മഞ്ഞയും പച്ചയും നിറമുള്ള ചുരിദാര്‍ ധരിച്ച സ്ത്രീയാണ് കുട്ടിയെ തിരികെ എത്തിച്ചതെന്നാണ് വിദ്യാര്‍ത്ഥിനികളുടെ മൊഴി. ഈ സ്ത്രീയെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് പോലീസ് പ്രതികള്‍ക്കായി തിരിച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
രേഖാചിത്രവുമായി പോലീസ്
അബിഗേല്‍ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. കുട്ടിയുടെ ബന്ധുക്കളെ ഫോണില്‍ വിളിക്കുന്നതിനായി പാരിപ്പള്ളിയിലെ കടയിലെത്തിയ ആളുടെ രേഖാചിത്രമാണ് പോലീസ് തയ്യാറാക്കിയത്. കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം.
ഏഴരയോടെ കട അടയ്ക്കാന്‍ നേരത്ത് ഒരു പുരുഷനും സ്ത്രീയും കടയില്‍ എത്തി ഫോണ്‍ എടുത്തിട്ടില്ലെന്നും എന്തൊക്കെ സാധനങ്ങള്‍ വാങ്ങണമെന്ന് ചോദിക്കട്ടെയെന്ന് പറഞ്ഞാണ് സ്ത്രീ മൊബൈല്‍ ചോദിച്ചത്. അവര്‍ ഫോണ്‍ വിളിച്ചുകൊണ്ട് അല്‍പ്പംദൂരത്തേക്കു മാറിനിന്നു.
ഈസമയം പുരുഷന്‍ ബിസ്‌ക്കറ്റ്, റെസ്‌ക്, തേങ്ങ തുടങ്ങിയ സാധനങ്ങള്‍ വാങ്ങി. സാധനങ്ങള്‍ പൊതിഞ്ഞുനല്‍കുന്നതിനിടെ സ്ത്രീ ഫോണ്‍ തിരികെ തന്നതായും പുരുഷന്‍ മുഖം മറച്ചിരുന്നില്ലെന്നും സ്ത്രീ ഷാള്‍ ഉപയോഗിച്ച് തല മറച്ചതായുമാണ് കടയുടമ മൊഴി നല്‍കിയിരിക്കുന്നത്.