.jpg)
വെനസ്വേലയിലെ ഇടതുപക്ഷ പാർട്ടി സ്ഥാപക നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി
നിക്കോളസ് മദുറോ സർക്കാർ കസ്റ്റഡിയിൽ എടുത്ത വെനസ്വേലൻ പ്രതിപക്ഷനേതാവായ എഡ്വിൻ സാൻതോസിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടതുപക്ഷ പാർട്ടിയായ ബൊലുന്താഡ് പോപ്പുലർ (voluntad Popular) എന്ന പാർട്ടിയുടെ സഹസ്ഥാപകനും പ്രതിപക്ഷനിരയിലെ സജീവ പ്രവർത്തകനുമായിരന്നു എഡ്വിൻ സാൻതോസ്.
അപൂരെ, താച്ചിറ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിൽ മരിച്ച നിലയിലാണ് എഡ്വിൻ സാൻതോസിനെ കണ്ടെത്തിയത്. താച്ചിറയിലെ എൽ പിനാൽ കമ്മ്യൂണിറ്റിയിലേക്കുള്ള യാത്രാമധ്യേ രണ്ട് ദിവസം മുൻപ് സാൻതോസിനെ സുരക്ഷ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് സാക്ഷികൾ പറയുന്നു.
സാൻതോസിന്റെ മരണം കൊലപാതകം ആണെന്നും ഇത് മദുറോ ഭരണകൂടം നടപ്പിലാക്കിയ രാഷ്ട്രീയ പ്രതികാരം ആണെന്ന് ബൊലുന്താഡ് പോപ്പുലർ പാർട്ടി ആരോപിച്ചു. ഒരു ക്രിമിനൽ ഭരണകൂടത്തിന്റെ അടിച്ചമർത്തൽ, പീഡനം, കൊലപാതകം എന്നീ നയങ്ങളുടെ തുടർച്ചയാണ് എഡ്വിൻ സാൻതോസിന്റെ മരണമെന്ന് ബൊലുന്താഡ് പോപ്പുലാർ പാർട്ടി എക്സിൽ അഭിപ്രായപ്പെട്ടു. സാൻതോസിന്റെ മൃതദേഹത്തിന്റേത് കരുതുന്ന ചിത്രങ്ങളും എക്സിൽ പങ്ക് വച്ചിട്ടുണ്ട്.
എഡ്വിൻ സാൻതോസിനെ തട്ടിക്കൊണ്ടുപോയ മദുറോ ഭരണകൂടത്തിന്റ നടപടിയെ ഇന്നലെ ഞങ്ങൾ അപലപിച്ചിരുന്നു, ഇന്ന് സാൻതോസിനെ മരിച്ച നിലയിൽ കാണപ്പെടുന്നു, അദ്ദേഹത്തിന്റേത് കൊലപാതകമാണ്. ഒരു സംശയവുമില്ല അതൊരു രാഷ്ട്രീയകുറ്റകൃത്യമാണ്. വിദേശത്ത് അഭയം തേടിയ പ്രതിപക്ഷ നേതാവ് ലിയോപോൾഡോ ലോപ്പസ് സോഷ്യൽ മീഡിയയിൽ എഴുതി. സാൻതോസിന്റേത് രാഷ്ട്രീയ കൊലപാതകം ആണെന്നതിൽ ഒരു സംശയവുമില്ലെന്ന് തന്റെ കമ്യൂണിറ്റിയ്ക്ക് വേണ്ടി നിലകൊള്ളുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു സാൻതോസെന്നും ലിയനാഡോ കൂട്ടിചേർക്കുന്നു. സാൻതോസിനെ തനിക്ക് നന്നായി അറിയാമെന്ന് അൽ ജെസീറയോട് പറഞ്ഞ യുഎസിലെ മുൻ വെനിസ്വേലൻ അംബാസഡർ കാർലോസ് വേക്കിയോ, അദ്ദേഹത്തെ "മഹാനായ വ്യക്തി", "നേതാവ്" എന്ന് വിശേഷിപ്പിച്ചു. സാൻതോസിനെ പീഡിപ്പിച്ച ശേഷം റോഡരുകിൽ തള്ളിയതാവാമെന്നും വേക്കിയോ പറയുന്നു.
ജൂണിൽ വിവാദമായ തിരഞ്ഞെടുപ്പിന് ശേഷം വിജയിയായി പ്രഖ്യാപിക്കപ്പെട്ട മദുറോ സർക്കാർ അടിച്ചമർത്തൽ നടപടികളാണ് തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ. ക്രൂരതകളിലേക്കാണ് സാന്റോസിന്റെ മരണം വിരൽചൂണ്ടുന്നത്. ജൂലൈ 28ന് തിരഞ്ഞെടുപ്പിന് ശേഷം നടന്ന പ്രതിഷേധത്തിൽ വെനസ്വേലയുടെ ദേശീയ ഗാർഡും സായുധ സംഘടനകളും സ്വീകരിച്ച നടപടികളിൽ 23 പേർ കൊല്ലപ്പെട്ടതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. മദുറോയ്ക്കെതിരെ മത്സരിച്ച ഏദ്മൂൺഡോ ഗോൺസാലെയ്സ്നെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് വെനസ്വേലയിൽ നിന്ന് പാലായനം ചെയ്തിരുന്നു.