TMJ
searchnav-menu
post-thumbnail

TMJ Daily

ലഹരി മാഫിയക്ക് എതിരെ പരാതി നല്‍കിയ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ അറസ്റ്റില്‍

29 Dec 2024   |   1 min Read
TMJ News Desk

തിരുവനന്തപുരം വര്‍ക്കലയില്‍ ലഹരി മാഫിയ ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി മാഫിയക്ക് എതിരെ പോലീസില്‍ പരാതി നല്‍കിയ വൈരാഗ്യത്തില്‍ സിപിഐഎം പ്രവര്‍ത്തകനായ ഷാജഹാനെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്.

അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. വര്‍ക്കല വെട്ടൂര്‍ സ്വദേശികളായ ഹായിസ്, നൂഹു, സെയ്ദാലി, ജസിം എന്നിവരെയാണ് പോലീസ് മേധാവി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് പിടികൂടിയത്.

അഞ്ചാം പ്രതിയായ വെട്ടൂര്‍ സ്വദേശി ആഷിറിനെ സംഭവ ദിവസം തന്നെ പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ഈ കേസിലെ എല്ലാ പ്രതികളും പൊലീസ് പിടിയിലായി.

താഴെ വെട്ടൂര്‍ തീരത്തിനോട് ചേര്‍ന്ന് ഷെഡു കെട്ടിയുള്ള പ്രതികളുടെ ലഹരി ഉപയോഗം ഷാജഹാനും ബന്ധുവും ചോദ്യം ചെയ്യുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണത്തിന് എത്തിയപ്പോള്‍ സംഘം ഓടി രക്ഷപ്പെട്ടു. ലഹരി വസ്തുക്കളും രണ്ട് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. നാട്ടുകാര്‍ ഷെഡ് പൊളിച്ചു മാറ്റുകയും ചെയ്തു.

ഇതിന്റെ പകപോക്കാന്‍ ചൊവ്വാഴ്ച്ച രാത്രിയാണ് അഞ്ചംഗ സംഘം ഷാജഹാനെ തീരത്തിനോട് ചേര്‍ന്ന് കുറ്റിക്കാട്ടില്‍ പതിയിരുന്ന് ആക്രമിച്ചത്. ബന്ധുവായ റഹ്‌മാനൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു ആക്രമണം. ഇരുമ്പ് കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ചു വീഴ്ത്തിയാണ് ആക്രമിച്ചത്.

തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഷാജഹാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


#Daily
Leave a comment