രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ നാലുശതമാനം വര്‍ധന; പ്രതിദിനം 87 സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയാവുന്നു
ഇന്ത്യയില്‍ 2022 ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത് 4.45 ലക്ഷം കേസുകള്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് പ്രതിദിനം ശരാശരി 87 സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയാവുന്നുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നാലുശതമാനം വര്‍ധനവാണ് കുറ്റകൃത്യങ്ങളില്‍ ഉണ്ടായിട്ടുള്ളത്.
ക്രൂരത ബന്ധുക്കളില്‍ നിന്ന്
കഴിഞ്ഞ വര്‍ഷം രാജ്യത്ത് 31,982 സ്ത്രീകളാണ് ബലാത്സംഗത്തിന് ഇരയായത്. ഇതില്‍ പ്രായപൂര്‍ത്തിയാവാത്ത 1,017 കുട്ടികളും 18 വയസ്സിന് മുകളിലുള്ള 30,965 സ്ത്രീകളും ഉള്‍പ്പെടുന്നു. രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജസ്ഥാന്‍ - 5,408, ഉത്തര്‍ പ്രദേശ് - 3,692, മധ്യപ്രദേശ് - 3,046, മഹാരാഷ്ട്ര - 2,911, ഹരിയാന - 1,787, അസം - 1,478, ഒഡീഷ - 1,464, ജാര്‍ഖണ്ഡ് - 1,464, ഛത്തീസ്ഗഡ് - 1,236, പശ്ചിമ ബംഗാള്‍ - 1,112 എന്നീ സംസ്ഥാനങ്ങളാണ് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ആദ്യ പത്തുസ്ഥാനങ്ങളില്‍.
2021 ല്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 4.28 ലക്ഷം ആയിരുന്നു. രജിസ്റ്റര്‍ ചെയ്യുന്നതില്‍ 31.4 ശതമാനം കേസുകളിലും സ്ത്രീകള്‍ ക്രൂരത അനുഭവിക്കുന്നത് ഭര്‍ത്താവില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ആണ്. 6,516 സ്ത്രീധന മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ബലാത്സംഗത്തിന് ഇരയായ 250 സ്ത്രീകള്‍, ആസിഡ് ആക്രമണത്തിന് ഇരയായ 140 പേര്‍, ഭര്‍ത്താവില്‍ നിന്നും ക്രൂരത അനുഭവിക്കുന്ന 1.4 ലക്ഷം സ്ത്രീകള്‍, 781 മനുഷ്യക്കടത്ത് കേസുകള്‍ എന്നിങ്ങനെയാണ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരമുള്ള കേസുകള്‍. കണക്കുകള്‍ പ്രകാരം കുട്ടികള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങളിലും എട്ടുശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ 2021 ലെക്കാള്‍ 24 ശതമാനം വര്‍ധനവാണ് 2022 ല്‍ ഉണ്ടായത്.