റഷ്യയ്ക്കു നേരെ ഡ്രോണ്‍ ആക്രമണം: നാല് വിമാനങ്ങള്‍ കത്തിനശിച്ചു
റഷ്യയിലെ വടക്കുപടിഞ്ഞാറന്‍ നഗരത്തിലെ സ്‌കോവ് വിമാനത്താവളത്തില്‍ വന്‍ ഡ്രോണ്‍ ആക്രമണം. നാല് വിമാനങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. ആക്രമണത്തിനു പിന്നില്‍ യുക്രൈനെന്ന് റഷ്യ കുറ്റപ്പെടുത്തി. ആക്രമണത്തില്‍ ആളപായമില്ലെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച പുലര്‍ച്ചെയാണ് കനത്ത ആക്രമണം ഉണ്ടായത്. സൈനിക, സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ് ഈ വിമാനത്താവളം. യുക്രൈനില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ അകലെയാണ് സ്‌കോവ്. ആക്രമണത്തില്‍ നാല് ഇല്യൂഷിന്‍ 76 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സൈന്യം ആക്രമണം ചെറുക്കുന്നതായി പ്രാദേശിക ഗവര്‍ണറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍ സ്‌ഫോടനം നടന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചു.
യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളായ ലാത്വിയയുടെയും എസ്‌തോണിയയുടെയും അതിര്‍ത്തിയോട് ചേര്‍ന്നാണ് സ്‌കോവ്. റഷ്യയിലെ ബ്രയാന്‍സ്‌ക്, ടുല മേഖലകളിലും സ്‌ഫോടനങ്ങള്‍ നടന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ റഷ്യയില്‍ യുക്രൈന്‍ വന്‍തോതില്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നുണ്ട്. റഷ്യയിലെ പ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ വിന്യസിച്ചിട്ടുള്ളതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലും ഡ്രോണുകള്‍ സ്‌കോവിനെ ലക്ഷ്യം വച്ചിരുന്നു. കൂടാതെ മോസ്‌കോയിലും മറ്റ് റഷ്യന്‍ പ്രദേശങ്ങളിലും യുക്രൈന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ച റഷ്യയിലെ ബെല്‍ഗരത്ത് പ്രദേശത്തുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. തിരിച്ചടിക്ക് റഷ്യ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം, സംഭവത്തില്‍ യുക്രൈന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, കരിങ്കടലില്‍ നാലു യുക്രൈന്‍ സൈനിക ബോട്ടുകള്‍ അര്‍ധരാത്രിയില്‍ തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു. 50 സൈനികരെ വരെ വഹിക്കാവുന്ന നാല് അതിവേഗ യുക്രൈന്‍ കപ്പലുകള്‍ നശിപ്പിച്ചതായാണ് റഷ്യ അവകാശപ്പെട്ടിരിക്കുന്നത്.
ഒന്നരവര്‍ഷമായ യുദ്ധം
2022 ഫെബ്രുവരി 24 നാണ് റഷ്യന്‍ സൈന്യം യുക്രൈനില്‍ കടന്നുകയറിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് ഒന്നരവര്‍ഷം പിന്നിട്ടിരിക്കുകയാണ്. യുദ്ധം യുക്രൈന് സമ്മാനിച്ചത് ഭീമമായ നഷ്ടമാണ്. 44 ദശലക്ഷം ജനസംഖ്യയുള്ള യുക്രൈനില്‍ 14 ദശലക്ഷം പേര്‍ യുദ്ധത്തിലൂടെ അഭയാര്‍ത്ഥികളായി. 1,40,000 ത്തോളം കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. 35 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഭൗതികസംസ്‌കൃതിയില്‍ ഉണ്ടായത്. ഇതിനുപുറമെയാണ് ആള്‍നാശം.
2022 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 42,295 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 54,132 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 15,000 ത്തോളം പേരെ കാണാതായി. റഷ്യയുടെ ഭാഗത്തും ഒരുലക്ഷത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഭക്ഷണം, പാര്‍പ്പിടം, ഊര്‍ജം എന്നിവയുടെ വില ഉയരാനും യുദ്ധം കാരണമായി. കോവിഡ് മൂലമുണ്ടായ ആഗോള പ്രതിസന്ധി നിലനില്‍ക്കെയാണ് യുദ്ധവും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. അവശ്യവസ്തുക്കളുടെ വില വര്‍ധനവിനും യുദ്ധം കാരണമായി.
നഷ്ടത്തിന്റെ നാളുകള്‍
നാറ്റോ അംഗത്വത്തിന്റെ പേരില്‍ തുടക്കം കുറിച്ച യുദ്ധത്തില്‍ റഷ്യയ്‌ക്കെതിരെ അമേരിക്ക അടക്കമുള്ളവരുടെ പിന്തുണയോടെ യുക്രൈന്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ റഷ്യയുടെ സാമ്പത്തിക വ്യവസ്ഥയെ തന്നെയാണ് യുദ്ധം താറുമാറാക്കിയത്. അവസാന നാറ്റോ ഉച്ചകോടിയിലും അംഗത്വമെന്ന യുക്രൈന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ലെങ്കിലും നാറ്റോ സഖ്യരാജ്യങ്ങളുടെ യുദ്ധസഹായ വാഗ്ദാനം റഷ്യയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കാന്‍ യുക്രൈനെ പ്രാപ്തരാക്കി.
ഇതിനിടെ യുദ്ധം റഷ്യയിലേക്കെത്തുകയാണെന്ന വ്‌ളാദിമിര്‍ സെലന്‍സ്‌കിയുടെ മുന്നറിയിപ്പും ഉണ്ടായി. യുദ്ധം സാവധാനം റഷ്യന്‍ മണ്ണിലേക്കു തിരിച്ചെത്തുകയാണെന്നും റഷ്യന്‍ പ്രതീകങ്ങളായ കേന്ദ്രങ്ങളിലേക്കും സേനാതാവളങ്ങളിലേക്കും എത്തുമെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രദേശങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അനിവാര്യമാണെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞത്.