
സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ നാല് ആർഎസ്എസ്സുകാർക്ക് ജീവപര്യന്തം
സിപിഎം പ്രവർത്തകൻ കണ്ണൂർ എരുവട്ടി കോമ്പിലെ സി അഷറഫിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തവും, 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തലശേരി അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
എം പ്രനു ബാബു (34), ആർ വി നിധീഷ് (36), വി ഷിജിൽ (35), കെ ഉജേഷ് (34) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴ സംഖ്യ കൊല്ലപ്പെട്ട അഷറഫിന്റെ കുടുംബത്തിന് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്. 2011 മേയ് 19 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാപ്പുമ്മൽ-സുബേദാർ റോഡിൽ വെച്ച് രാവിലെ 9.30നാണ് അഷറഫിനെ ആക്രമിച്ചത്. കോഴിക്കോട് ബേബിമെമ്മൊറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അഷ്‌റഫ് മെയ് 21ന് പുലർച്ചെ 3.50ന് മരണപ്പെട്ടു.
എട്ടു പ്രതികളുണ്ടായിരുന്ന കേസിൽ എം.ആർ.ശ്രീജിത്ത്, ടി.ബിജീഷ് എന്നിവരെ കോടതി വെറുതെ വിട്ടു. രണ്ടുപേർ വിചാരണക്ക് മുന്നേ മരണപ്പെടുകയുമായിരുന്നു. പ്രോസിക്യുഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സി കെ ശ്രീധരൻ ഹാജരായി.