TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE : PEXELS

TMJ Daily

14 ദശലക്ഷം തൊഴിലുകള്‍ അടുത്ത 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകും

03 May 2023   |   2 min Read
TMJ News Desk

ഗോളതലത്തില്‍ അടുത്ത 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ 14 ദശലക്ഷം തൊഴിലുകള്‍ ഇല്ലാതാവുന്നതിന്‌ സാധ്യതയുള്ളതായി ലോക സാമ്പത്തിക ഫോറം. ലോകത്തിലെ അതിസമ്പന്നരുടെ വേദിയായി കണക്കാക്കപ്പെടുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ 2023-ലെ ഫ്യൂച്ചര്‍ ഓഫ്‌ ജോബ്‌സ്‌ റിപ്പോര്‍ട്ടിലാണ്‌ ഈ വിവരം അടങ്ങിയിട്ടുളളത്‌. കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍ പ്രകാരം 2027 ഓടെ 69 ദശലക്ഷം പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ 83 ദശലക്ഷം ജോലികള്‍ നഷ്ടപ്പെടും. അതായത്‌ 14 ദശലക്ഷത്തിന്റെ കുറവ്‌. ഇപ്പോഴത്തെ ആഗോള തൊഴില്‍ ലഭ്യതയുടെ 2 ശതമാനം. ലോകമാകെയുള്ള 800-ലധികം കമ്പനികളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിട്ടുള്ളത്‌. പാരിസ്ഥിതികം, സാങ്കേതിക വിദ്യ, സാമ്പത്തികം എന്നിവയിലെ ട്രെന്‍ഡുകളാവും തൊഴിലുകളുടെ സൃഷ്ടിയിലും, സംഹാരത്തിലും നിര്‍ണ്ണായക പങ്കു വഹിക്കുക.

ഹരിത എക്കോണമി

പാരിസ്ഥിതിക സൗഹൃദപരമായ സംവിധാനങ്ങളിലേക്കുള്ള പരിവര്‍ത്തനമാവും ഏറ്റവും കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാനിടയുള്ള മേഖലയെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥ മാറ്റവുമായി പൊരുത്തപ്പെടുന്നതിനുള്ള തയ്യാറെടുപ്പുകളും, ജനസംഖ്യയില്‍ ഭൂരിഭാഗവും ചെറുപ്പക്കാരായതും വികസ്വര രാജ്യങ്ങളിലും പുതുതായി ഉയര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളായ രാജ്യങ്ങളിലും കൂടുതല്‍ തൊഴില്‍ കൊണ്ടുവരുമെന്നു കണക്കാക്കപ്പെടുന്നു. മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച, ലഭ്യത കുറവുകള്‍, ഉയര്‍ന്ന ഉല്‍പ്പന്ന വില എന്നിവയാണ്‌ ജോലികള്‍ ഇല്ലാതാവുന്നതിന്റെ പ്രധാന കാരണങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌, ബിഗ്‌ ഡാറ്റ, ക്ലൗഡ്‌ കമ്പ്യൂട്ടിംഗ്‌ എന്നിവയാവും ഏറ്റവുമധികം സ്വീകരിക്കപ്പെടുന്ന സാങ്കേതിക വിദ്യകള്‍. വാണിജ്യ-വ്യാപാര മേഖലകളില്‍ ഡിജിറ്റല്‍ സംവിധാനങ്ങളുടെയും ആപ്പുകളുടെയും വിന്യാസം കൂടുതലാവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌, മെഷീന്‍ ലേണിംഗ്‌ എന്നീ മേഖലകളില്‍ വൈദഗ്‌ധ്യമുള്ളവര്‍ക്കായിരിക്കും ഏറ്റവുമധികം തൊഴിലവസരങ്ങള്‍ ഉണ്ടാവുക. സുസ്ഥിര വികസന വിദഗ്‌ധര്‍, ബിസിനസ്സ്‌ ഇന്റലിജന്‍സ്‌, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റുകള്‍ എന്നിവരാണ്‌ അടുത്ത കൂട്ടര്‍. സൗരോര്‍ജ്ജമടക്കമുള്ള പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ എഞ്ചിനീയറിംഗ്‌ വിദഗ്‌ധരെയും കൂടുതല്‍ അവസരങ്ങള്‍ കാത്തിരിക്കുന്നു. ക്ലാര്‍ക്ക്‌, സെക്രട്ടറി തലങ്ങളിലാണ്‌ ഏറ്റവും വേഗത്തില്‍ തൊഴിലുകള്‍ ഇല്ലാതാവുക. ബാങ്കിംഗ്‌, പോസ്റ്റല്‍ സര്‍വിസസ്‌ എന്നിവടങ്ങളില്‍ അതിന്റെ പ്രഭാവം കൂടുതല്‍ കാണാനാവും.

ആട്ടോമേഷന്‍ മന്ദഗതിയില്‍

തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നതില്‍ സാങ്കേതിക വിദ്യകള്‍ ഗണ്യമായ പങ്കു വഹിക്കുന്നുണ്ടെങ്കിലും ആട്ടോമേഷന്‍ നടപ്പിലാക്കപ്പെടുന്നതിന്റെ വേഗം മന്ദഗതിയിലാണ്‌. സ്ഥാപനങ്ങളുടെ വിലയിരുത്തല്‍ പ്രകാരം ബിസിനസ്സ്‌ സംബന്ധമായ 34 ശതമാനം പ്രവര്‍ത്തികള്‍ യന്ത്രങ്ങളും 66 ശതമാനം മനുഷ്യരുമാണ്‌ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്‌. 2020-ലെ ഫ്യൂച്ചര്‍ ജോബ്‌ സര്‍വേയില്‍ കണക്കാക്കിയതിന്റെ 1 ശതമാനം മാത്രമാണ്‌ മെഷിനുകളുടെ സ്ഥാനം. 2020-ലെ സര്‍വേ പ്രകാരം ബിസിനസ്‌ സംബന്ധമായ 50 ശതമാനം പ്രവര്‍ത്തികളും അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആട്ടോമേറ്റഡ്‌ മെഷീനുകള്‍ ഏറ്റെടുക്കുമെന്നായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ എസ്‌റ്റിമേറ്റു പ്രകാരം 2027 ഓടെ ബിസിനസ്സ്‌ സംബന്ധമായ പ്രവര്‍ത്തികളുടെ 47 ശതമാനം മാത്രമാണ്‌ ആട്ടോമേറ്റഡ്‌ ആവുക. 44 ശതമാനം ജോലിക്കാരുടെയും നൈപുണ്യം അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ കടുത്ത സമ്മര്‍ദ്ദങ്ങളിലാവും. പത്തില്‍ ആറു തൊഴിലാളികള്‍ക്ക്‌ പുതിയ പരിശീലനം ആവശ്യമാവും. എന്നാല്‍ അതില്‍ 50 ശതമാനത്തിന്‌ മാത്രമാവും പരിശീലന സാധ്യത ലഭ്യമാവുക. ക്രിയേറ്റീവും, അനലിറ്റിക്കലുമായ ചിന്തശേഷിയുള്ളവരെയാവും തൊഴില്‍ വിപണിയില്‍ വളരെയധികം ആവശ്യം.


#Daily
Leave a comment