TMJ
searchnav-menu
post-thumbnail

PHOTO | WIKI COMMONS

TMJ Daily

സെന്‍ട്രല്‍ ഗാസയിലെ നുസൈറാത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു 

10 Apr 2024   |   1 min Read
TMJ News Desk

ധ്യ ഗാസയിലെ നുസൈറാത്ത്‌ ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് കുട്ടികളടക്കം 14 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പോഷകാഹാരക്കുറവ് ഏറ്റവും രൂക്ഷമായ ഗാസയുടെ വടക്ക് ഭാഗത്തേക്ക് ഈ മാസം ഭക്ഷണമെത്തിച്ച പകുതിയോളം വാഹനങ്ങള്‍ ഇസ്രയേല്‍ തടഞ്ഞതായി യുഎന്‍ ഹ്യുമനിറ്റേറിയന്‍ ഓഫീസും യുഎന്‍ആര്‍ഡബ്ല്യുഎയും അറിയിച്ചു.

അതേസമയം 1.4 ദശലക്ഷം പലസ്തീനികള്‍ അഭയം പ്രാപിക്കുന്ന തെക്കന്‍ ഗാസ നഗരമായ റഫയെ ആക്രമിക്കാന്‍ തീയതി നിശ്ചയിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. റഫ അധിനിവേശത്തില്‍ സിവിലിയന്മാരെ അപകടത്തില്‍ നിന്ന് ഇസ്രയേല്‍ ഒഴിവാക്കുമോ എന്നതില്‍ യുഎസ് ആശങ്കാകുലരാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു. ഒക്ടോബര്‍ 7 മുതല്‍ ഗാസയ്ക്കെതിരായ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 33,360 പലസ്തീനികള്‍ കൊല്ലപ്പെടുകയും 75,993 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

തെക്കന്‍ ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതായി ഇസ്രയേല്‍

തെക്കന്‍ ഗാസ മുനമ്പില്‍ നിന്ന് കരസേനയെ പിന്‍വലിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചിരുന്നു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ 98-ാംമത്തെ കമാന്‍ഡോ വിഭാഗം തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ ദൗത്യം അവസാനിപ്പിച്ചതായും അടുത്ത പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറെടുക്കുമെന്നും സൈന്യം പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. ഗാസയ്ക്കെതിരായ യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. അതേസമയം 162-ാം ഡിവിഷനും നഹാല്‍ ബ്രിഗേഡും നയിക്കുന്ന ഒരു സുപ്രധാന സേന ഗാസ മുനമ്പില്‍ തുടരുമെന്ന് ഇസ്രയേല്‍ അറിയിച്ചു. ആയിരക്കണക്കിന് സൈനികരെ ഉള്‍ക്കൊള്ളുന്നതാണ് ഒരു ഇസ്രയേലി ബ്രിഗേഡ്.

റഫയെ ആക്രമിക്കാനുള്ള മുന്നൊരുക്കമെന്ന് വിമര്‍ശനം

റഫയില്‍ മിലിട്ടറി ഓപ്പറേഷന്‍ നടക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ഇസ്രയേല്‍ തയ്യാറായില്ല. സൈന്യം അവരുടെ അടുത്ത ദൗത്യത്തിനായി തയ്യാറെടുക്കുകയാണ്, അതിന്റെ ഉദാഹരണമാണ് അല്‍-ഷിഫ ഓപ്പറേഷനില്‍ കണ്ടത്, റഫ മേഖലയില്‍ പൂര്‍ത്തിയാക്കാനിരിക്കുന്ന ദൗത്യവും അങ്ങനെയായിരിക്കും, സൈനിക ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ ഗാലന്റ് പറഞ്ഞു.

റഫയിലേക്കുള്ള കര ആക്രമണത്തിന് തയ്യാറെടുക്കാന്‍ സേനയെ പുനര്‍വിന്യസിക്കുകയാണ് ഇസ്രയേല്‍ ലക്ഷ്യമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇസ്രയേല്‍ സേനയുടെ ഭാഗികമായ പിന്‍വാങ്ങല്‍ സൈനികര്‍ക്ക് വിശ്രമിക്കാനും പുനഃക്രമീകരണം നടത്താനുമുള്ള അവസരമാണെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. അതേസമയം ഗാസയില്‍ വെടിനിര്‍ത്തലിനായി പുതിയ ചര്‍ച്ചകള്‍ക്ക് ഈജിപ്ത് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.


#Daily
Leave a comment