നാലാം ദിവസം; നാലുപേരെ ജീവനോടെ കണ്ടെത്തി
വയനാട്ടില്‍ കനത്ത നാശം വിതച്ച ഉരുള്‍പൊട്ടലിന്റെ നാലാം ദിവസം നടത്തിയ തിരച്ചിലില്‍ നാലുപേരെ ജീവനോടെ കണ്ടെത്തി. സൈന്യം നടത്തിയ തിരച്ചിലില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് നാലുപേരെ കണ്ടെത്തിയത്.
നാല് ദിവസമായി ഒറ്റപ്പെട്ട് കഴിയുകയായിരുന്നു ഇവര്‍. ഇവരില്‍ ഒരാള്‍ക്ക് പരിക്കുണ്ടെന്നും സൈന്യം അറിയിച്ചു. ഏറെ ശ്രമകരമായാണ് നാലുപേരെ കണ്ടെത്തിയതെന്ന് വ്യക്തമാക്കിയ കരസേന ഇവരെ വ്യോമമാര്‍ഗം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയതായും അറിയിച്ചു.
മനുഷ്യ സാന്നിധ്യം കുറവ്
മുണ്ടക്കൈ മേഖലയില്‍ നിലവില്‍ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തല്‍. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളില്‍ തെര്‍മല്‍ ഇമേജിംഗ് പരിശോധനയിലൂടെയാണ് മനുഷ്യസാന്നിധ്യം കുറവെന്ന് കണ്ടെത്തിയിരിക്കുന്നത്. ദുരന്തബാധിത പ്രദേശത്ത് നിന്നും ജീവനുള്ള എല്ലാവരേയും രക്ഷിച്ചെന്ന സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും പ്രതികരണം ശരിവയ്ക്കും തരത്തിലുള്ളതാണ് തെര്‍മല്‍ ഇമേജിംഗ് പരിശോധനയിലെ കണ്ടെത്തല്‍.