ഫ്രാന്‍സ് തെരഞ്ഞെടുപ്പ്; ഇടതുസഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ടിന് മുന്നേറ്റം
ഫ്രാന്‍സ് പാര്‍ലമെന്റിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് മുന്നേറ്റം. നിലവിലെ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് ഇടതുസഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് 182 സീറ്റുകള്‍ നേടിക്കൊണ്ട് ഒന്നാമതാണ്. അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ച തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി 143 സീറ്റുകളോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ റിനെയ്‌സെന്‍സ് പാര്‍ട്ടി 163 സീറ്റുകളോടെ രണ്ടാം സ്ഥാനത്താണുള്ളത്. ഫ്രാന്‍സിന്റെ 577 അംഗ നാഷണല്‍ അസംബ്ലിയില്‍ 289 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി നേടേണ്ടത്. നിലവില്‍ ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷം നേടാനായിട്ടില്ല. ഫ്രാന്‍സില്‍ തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
അപ്രതീക്ഷിത തിരിച്ചടി
ജൂണ്‍ 30 നാണ് ആദ്യഘട്ട വോട്ടെടുപ്പ് ഫ്രാന്‍സില്‍ നടക്കുന്നത്. ഇതില്‍ 33.15 ശതമാനം വോട്ടുനേടി മരീന്‍ ലെ പെന്നിന്റെ നാഷണല്‍ റാലി മുന്നേറിയിരുന്നു. രണ്ടാം ഘട്ടത്തിലും ഇതേ മുന്നേറ്റം ആവര്‍ത്തിക്കുമെന്നും 210 സീറ്റ് വരെ നേടുമെന്നുമായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചത്. എന്നാല്‍ നാഷണല്‍ റാലി മുന്നേറ്റത്തെ ചെറുക്കാന്‍ ഇടതുസഖ്യ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടതോടെയാണ് നാഷണല്‍ റാലിക്ക് തിരിച്ചടിയുണ്ടായത്. പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന് പ്രസിഡന്റ് മാക്രോണ്‍ പ്രഖ്യാപിച്ചതിന് ശേഷം സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍, ഗ്രീന്‍ പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച സഖ്യമാണ് ന്യൂ പോപ്പുലര്‍ ഫ്രണ്ട്.