
അവിശ്വാസ പ്രമേയത്തിൽ ഫ്രാൻസ് പ്രധാനമന്ത്രി പുറത്തേക്ക്; നിലംപതിച്ച് ഫ്രഞ്ച് സർക്കാർ
ഇടതു സഖ്യത്തിന്റെ അവിശ്വാസത്തിൽ പ്രധാനമന്ത്രി മിഷേൽ ബാർനിയ പുറത്തേക്ക്. ബജറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം പാസായതോടെ ആണ് ബാർനിയ പുറത്താകുന്നത്. മൂന്ന് മാസം മുൻപാണ് ബാർനിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
60 ബില്യൺ യൂറോ നികുതി വർദ്ധനവും ചെലവ് ചുരുക്കലും മുൻനിർത്തിയുള്ള ബാർനിയയുടെ ബജറ്റ് പാർലമെന്റിൽ ആഴ്ച്ചകൾ നീണ്ട തർക്കത്തിന് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് വോട്ടെടുപ്പില്ലാതെ ധനബിൽ പാസാക്കാനുള്ള ബാർണിയയുടെ നീക്കത്തിനെതിരെയാണ് അവിശ്വാസ പ്രമേയവുമായി ഇടത് സഖ്യം മുന്നോട്ട് വന്നത്. 288 വോട്ടുകളാണ് പ്രമേയം പാസാക്കാൻ വേണ്ടിയിരുന്നതെങ്കിൽ പ്രമേയത്തെ 331 എംപിമാരാണ് പിൻതുണച്ചത്.
ഇടതു സഖ്യത്തിന്റെ പ്രമേയത്തെ മരീൻ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ വിഭാഗവും അപ്രതീക്ഷിതമായി പിന്തുണയ്ക്കുകയായിരുന്നു.1962ന് ശേഷം ആദ്യമായാണ് ഫ്രാൻസിൽ സർക്കാർ അവിശ്വാസ വോട്ടെടുപ്പിലൂടെ നിലംപതിക്കുന്നത്.
മിഷേൽ ബാർനിയയും സർക്കാരിന്റെ ഭാഗമായ മറ്റ് അംഗങ്ങളും ഇന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് രാജി സമർപ്പിക്കും. അടുത്ത വർഷം ജൂലൈക്ക് മുൻപായി വീണ്ടും തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതകളില്ലാത്തതിനാൽ ഇടക്കാല പ്രധാനമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ടിനെ തഴഞ്ഞ് ബാർനിയയെ പ്രധാനമന്ത്രിയാക്കാനുള്ള മാക്രോണിന്റെ തീരുമാനത്തിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു.


