ഫ്രാങ്കോ മുളയ്ക്കൽ | Photo: PTI
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു. ജലന്ധർ ബിഷപ് സ്ഥാനത്തുനിന്നുള്ള രാജി മാർപ്പാപ്പ സ്വീകരിച്ചു. ഫ്രാങ്കോ മുളയ്ക്കൽ ഇനി ബിഷപ്പ് എമരിറ്റസ് എന്ന് അറിയപ്പെടും. ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് രാജിവാർത്ത പ്രഖ്യാപിച്ചുകൊണ്ട് ഫ്രാങ്കോ മുളയ്ക്കൽ വ്യക്തമാക്കി. ജലന്ധർ രൂപതയുടെ നന്മയ്ക്കും പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് ബിഷപ്പിനെ കോടതി വെറുതെ വിട്ടത്. അതേസമയം രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു. ബിഷപ്പിനെ വെറുതെ വിട്ട കോടതി ഉത്തരവിനെതിരെ പ്രൊസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നല്കിയിട്ടുണ്ട്. ഈ അപ്പീൽ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലും ഹൈക്കോടതിയെ സമീപിച്ചിരുന്നു ഇതിനിടെയാണ് രാജി.
പീഡനക്കേസിലെ പ്രതി, ഒടുവിൽ കുറ്റവിമുക്തൻ
മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതൽ 2016 വരെ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ഡൽഹി അതിരൂപതാ സഹായമെത്രാനായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ 2013 ലാണ് ജലന്ധർ രൂപതയുടെ ബിഷപ്പായി മാർപ്പാപ്പ നിയമിച്ചത്. ജലന്ധറിൽ വൈദീകനായിരുന്ന ബിഷപ്പ് ഫ്രാങ്കോ 2009 ലാണ് ഡൽഹിയിൽ സഹായ മെത്രാനായി നിയമിതനായത്. ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2017 ജൂൺ 27 നാണ് കന്യാസ്ത്രീ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. അതിനു മുമ്പ് മാർച്ചിൽ മദർ സുപ്പീരിയറിനും പരാതി നൽകിയിട്ടുണ്ട്. കേസിൽ നിന്ന് പിന്മാറാൻ രൂപത അധികാരികൾ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരൻ പറഞ്ഞിരുന്നു. 2018ലാണ് പാലാ കോടതിയിൽ ഹാജരാക്കിയ ഫ്രാങ്കോയെ കോടതി റിമാന്റ് ചെയ്തത്. രണ്ടാഴ്ചനീണ്ട ജയിൽവാസത്തിന് ശേഷമാണ് കോടതി പിന്നീട് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിക്കുന്നത്. ഒടുവിൽ 2022 ജനുവരി 14ന് കേസിൽ ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തനായി. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാറാണ് കേസിൽ വിധിപറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ ബാബുവും സുബിൻ കെ വർഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ ബി രാമൻപിള്ള, സി എസ് അജയൻ എന്നിവരുമാണ് ഹാജരായത്. 105 ദിവസത്തെ വിസ്താരത്തിനു ശേഷമായിരുന്നു വിധി.
പീഡനം തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ ഏഴു വകുപ്പുകളാണു ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയത്. 2000 പേജുള്ള കുറ്റപത്രത്തിൽ അഞ്ചു ബിഷപ്പുമാർ, 11 വൈദികർ, 25 കന്യാസ്ത്രികൾ, ഏഴ് മജിസ്‌ട്രേട്ടുമാർ എന്നിവർ ഉൾപ്പെടെ 80 സാക്ഷികൾ ഉണ്ടായിരുന്നു. 10 പേരുടെ രഹസ്യമൊഴിയുണ്ട്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പഞ്ചാബിലെ ഭഗത്പൂർ ബിഷപ്പ് ഡോ. കുര്യൻ വലിയകണ്ടത്തിൽ, ഉജ്ജയിൻ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ, പാലാ രൂപത വികാരി ജനറൽ ഫാ. ജോസഫ് തടത്തിൽ തുടങ്ങി 39 സാക്ഷികളെ വിസ്തരിച്ചു. ഇരയായ കന്യാസ്ത്രീയെ 12 ദിവസം വിസ്തരിച്ചു. 122 പ്രമാണങ്ങളും 4 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് 6 സാക്ഷികളെയാണ് വിസ്തരിച്ചത്.