IMAGE: TWITTER
ഓഫർ ലെറ്റർ നല്കി കബളിപ്പിക്കൽ; ഏജന്റ് ബ്രിജേഷ് മിശ്രയെ കനേഡിയൻ അധികൃതർ അറസ്റ്റ് ചെയ്തു
പഞ്ചാബ് ആസ്ഥാനമായുള്ള ഇമിഗ്രേഷൻ ഏജന്റ് ബ്രിജേഷ് മിശ്രയെ കാനഡ ബോർഡർ സർവീസ് ഏജൻസി അറസ്റ്റ് ചെയ്തു. കാനഡയിൽ പഠിക്കാൻ പോയ 700 ഇന്ത്യൻ വിദ്യാർത്ഥികളെ വ്യാജ കോളേജ് ഓഫർ ലെറ്ററുകൾ നല്കി കബളിപ്പിച്ചെന്നതാണ് ഇയാൾക്കെതിരെയുള്ള ആരോപണം. ബ്രിജേഷ് മിശ്രക്ക് പഞ്ചാബ് ജലന്ധറിൽ ഇഎംഎസ്എ എന്ന ഇമിഗ്രേഷൻ ഏജൻസിയുണ്ട്. തട്ടിപ്പ് പുറത്ത് വരുന്നതിനു മുമ്പെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഏജന്റ് അറസ്റ്റിലാവുന്നത്. ബ്രിട്ടീഷ് കൊളംബിയയിൽ കനേഡിയൻ അധികൃതരുടെ പിടിയിലാണ്. ക്രിമിനൽ കുറ്റം ചുമത്തപ്പെട്ടതിനാൽ മിശ്രയെ കാനഡ ബോർഡർ സർവീസസ് ഏജൻസിയിൽ നിന്ന് കാനേഡിയൻ പൊലീസിന് കൈമാറിയിരിക്കുകയാണ്.
വിസ തട്ടിപ്പിന് ഇരയാക്കപ്പെട്ട് ഇന്ത്യൻ വിദ്യാർത്ഥികൾ
വ്യാജ അഡ്മിഷൻ തട്ടിപ്പിന് ഇരയായ 700 ഇന്ത്യൻ വിദ്യാർത്ഥികളെ നാടുകടത്താൻ കാനഡ സർക്കാർ ആദ്യം ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ ഏജന്റ് വഴി ലഭിച്ച അഡ്മിഷൻ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കാനഡ ബോർഡർ സർവീസസ് ഏജൻസി വിദ്യാർത്ഥികൾക്ക് രാജ്യം വിടാൻ നിർദേശം നല്കിയത്. കനേഡിയൻ സർവകലാശാലകളിലേക്കുള്ള വ്യാജ ഓഫർ ലെറ്ററിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ വിസ നേടിയതെന്ന് കനേഡിയൻ അധികൃതർ വ്യക്തമാക്കിയതായി വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികളുടെ പ്രവേശന ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് സിബിഎസ്എ കണ്ടെത്തിയതിന് പിന്നാലെയാണ് നോട്ടീസ് നല്കിയത്. ഇതോടെ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയും തങ്ങൾ തട്ടിപ്പിനിരയായവർ ആണെന്നും രാജ്യത്ത് നിന്ന് പുറത്താക്കരുതെന്നും ആവശ്യപ്പെട്ടു. എല്ലാവരും തന്നെ പഞ്ചാബിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. 2017നും 2019നും ഇടയിലാണ് വിദ്യാർത്ഥികൾ കാനഡയിലെത്തിയത്.
കോഴ്‌സ് പൂർത്തിയാക്കി അഞ്ച് വർഷത്തിന് ശേഷം സ്ഥിരതാമസത്തിന് അപേക്ഷിച്ചപ്പോഴാണ് ലഭിച്ചത് വ്യാജ ഓഫർ ലെറ്ററാണെന്ന വിവരം പുറത്ത് വരുന്നത്. കാനഡയിൽ എത്തിയപ്പോൾ ഏജന്റ് വിദ്യാർത്ഥികളോട് അഡ്മിഷൻ ലഭിച്ച കോളേജുകളിൽ സീറ്റുകൾ ഒഴിവില്ല എന്നായിരുന്നു പറഞ്ഞത്. സർവ്വകലാശാലകളിൽ ബുക്കിംഗ് കൂടുതലായതിനാൽ അവരെ മറ്റൊരു കോളേജിലേക്ക് മാറ്റാമെന്നും ഏജന്റ് പറഞ്ഞു. ഒരുവർഷം നഷ്ടപ്പെടുത്താൻ കഴിയാത്തതിനാൽ വിദ്യാർത്ഥികൾ സമ്മതിക്കുകയായിരുന്നു.
തീരുമാനം പിൻവലിച്ച് സർക്കാർ
വ്യാജ രേഖ ഉപയോഗിച്ചുള്ള വിസ തട്ടിപ്പിൽ പങ്കില്ലെന്ന് കണ്ടെത്തുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികളെ നാടുകടത്തില്ലെന്ന് കാനഡ ഇമിഗ്രേഷൻ മന്ത്രി സിയാൻ ഫ്രേസർ പിന്നീട് അറിയിച്ചു. പഠിക്കാനുള്ള ഉദ്ദേശത്തോടെ വ്യാജ രേഖകളെ കുറിച്ച് ധാരണയില്ലാതെ കാനഡയിലെത്തിയ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് താൽക്കാലിക താമസാനുമതി നൽകാൻ മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുകയുണ്ടായി. വ്യാജ പ്രവേശന രേഖ ഉപയോഗിച്ചുള്ള തട്ടിപ്പിൽ പങ്കില്ലെന്ന് കണ്ടെത്തുന്ന വിദേശ വിദ്യാർഥികളെ നാടു കടത്തില്ലെന്നും ഇമിഗ്രേഷൻ അഭയാർഥി സംരക്ഷണ നിയമം നൽകുന്ന വിവേചനാധികാരം നിലവിലെ സാഹചര്യത്തിൽ ഉപയോഗിക്കുമെന്നും സിയാൻ ഫ്രേസർ വ്യക്തമാക്കി.
തട്ടിപ്പിന് ഇരയാക്കപ്പെട്ട വിദ്യാർഥികളെ രാജ്യത്തു തുടരാൻ അനുവദിക്കുമെന്നും എന്നാൽ തട്ടിപ്പിൽ പങ്കാളികളായവരെ നിയമനടപടികൾക്കു വിധേയമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പഞ്ചാബിൽ നിന്നുള്ള വിദ്യാർഥികളാണു ഇതിൽ ഭൂരിഭാഗവും. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപ്പെട്ടിരുന്നു. കനേഡിയൻ പാർലമെന്റിലും വിഷയം ചർച്ചയായി.