
കേരള സംസ്ഥാന ലോട്ടറിയുടെ പേരില്‍ തട്ടിപ്പ്; സര്‍ക്കാര്‍ പ്രതിനിധിയെന്ന വ്യാജേന വിളിച്ച് പണം തട്ടുന്നു
കേരള സംസ്ഥാന ഭാഗ്യക്കുറി ഓണ്‍ലൈനായി എടുക്കാമെന്ന് വ്യാജപരസ്യം നല്‍കിയ ശേഷം സര്‍ക്കാര്‍ പ്രതിനിധിയെന്ന വ്യാജേന വിളിച്ച് പണം തട്ടുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ തട്ടിപ്പിന്റെ അടുത്തഘട്ടം ആരംഭിക്കുന്നു. സര്‍ക്കാര്‍ പ്രതിനിധിയെന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരാള്‍ ഫോണില്‍ വിളിക്കുകയും സമ്മാനത്തുക ലഭിക്കാന്‍ ജി എസ് ടി, സ്റ്റാമ്പ് ഡ്യൂട്ടി എന്നീ ആവശ്യത്തിനായി പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ പണം ട്രാന്‍സ്ഫര്‍ ചെയ്തുകഴിയുമ്പോള്‍ റിസര്‍വ്വ് ബാങ്ക് സമ്മാനത്തുക പിടിച്ചുവച്ചിരിക്കുന്നതായും സമ്മാനം കൈമാറാനായി കൂടുതല്‍ പണം വേണമെന്നും ആവശ്യപ്പെടുന്നു. ഓരോ ചുവടും വിശ്വസനീയമായി തോന്നിക്കാനായി കൃത്രിമമായി നിര്‍മ്മിച്ച രേഖകളും വീഡിയോകളും ഇരകള്‍ക്ക് നല്‍കുന്നു.
ഇത്തരത്തില്‍ വളരെ വിശ്വസനീയമായി തോന്നിപ്പിക്കുന്ന രീതിയില്‍ നടത്തുന്ന വ്യാജഭാഗ്യക്കുറിയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ പൊലീസിനെ വിവരം അറിയിക്കണം. ഇത്തരം തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.