
'ദി ഡേ ഓഫ് ദി ജാക്കല്‍' രചയിതാവ് ഫ്രെഡറിക് ഫോര്‍സിത്ത് അന്തരിച്ചു.
ദി ഡേ ഓഫ് ദി ജാക്കല്‍ ഉള്‍പ്പെടെയുള്ള ത്രില്ലര്‍ നോവലുകളുടെ എഴുത്തുകാരന്‍ ഫ്രെഡറിക് ഫോര്‍സിത്ത് അസുഖത്തെത്തുടര്‍ന്ന് 86ാം വയസില്‍ അന്തരിച്ചു. 25 ലധികം പുസ്തകങ്ങള്‍ ഫോര്‍സിത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമെമ്പാടുമായി 75 ദശലക്ഷം പുസ്തകങ്ങള്‍ വിറ്റു. ചാരക്കഥകള്‍ പ്രമേയമായ ഇരുപതോളം നോവലുകള്‍ ഫോര്‍സിത്ത് എഴുതിയിട്ടുണ്ട്.
പത്രപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫോര്‍സിത്ത്, ആഫ്രിക്കയിലും യൂറോപ്പിലുടനീളമുള്ള സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് റോയിട്ടേഴ്സിലും ബിബിസിയിലും ജോലി ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒട്ടേറെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച അനുഭവവും ബ്രിട്ടന്റെ ചാരസംഘടനയായ എംഐ6-ലെ പ്രവര്‍ത്തനപരിചയവും ഫ്രെഡറിക് ഫോര്‍സിത്തിന്റെ സാഹിത്യരചനയ്ക്ക് മുതല്‍ക്കൂട്ടായിരുന്നു
2015-ല്‍ ഇറങ്ങിയ 'ദ ഔട്ട്‌സൈഡര്‍: മൈ ലൈഫ് ഇന്‍ ഇന്‍ട്രീഗ്' ഫോര്‍സിത്തിന്റെ ആത്മകഥയാണ്. ദ ഒഡേസ ഫയര്‍, ദ ഡോഗ്‌സ് വാര്‍, ദ ഫോക്‌സ് തുടങ്ങിയവയാണ് മറ്റു പ്രധാന രചനകള്‍.


