TMJ
searchnav-menu
post-thumbnail

TMJ Daily

ഹോളിക്കും ദീപാവലിക്കും സൗജന്യമായി എല്‍പിജി സിലിണ്ടര്‍ നല്‍കും: ബിജെപി

18 Jan 2025   |   1 min Read
TMJ News Desk

ഹോളി, ദീപാവലി സീസണുകളില്‍ ദരിദ്രര്‍ക്ക് സൗജന്യമായി എല്‍പിജി സിലിണ്ടറുകള്‍ നല്‍കാമെന്ന് ബിജെപിയുടെ വാഗ്ദാനം. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയിലെ നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ പുറത്തിറക്കിയ ഒന്നാംഘട്ട പ്രകടന പത്രികയിലാണ് ഈ വാഗ്ദാനമുള്ളത്.

ഡല്‍ഹിയില്‍ നടപ്പിലാക്കിയിട്ടുള്ള ക്ഷേമ പദ്ധതികള്‍ തുടരുമെന്ന് പറഞ്ഞ നദ്ദ ഈ പദ്ധതികളെ അഴിമതിരഹിതമാക്കുമെന്നും പറഞ്ഞു. വൈദ്യുതി, ബസ്, ജലം തുടങ്ങിയവയ്ക്ക് നിലവിലെ എഎപി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കുമെന്നും അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതിനൊപ്പം ഡല്‍ഹി സര്‍ക്കാരിന്റേതായി അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ സൗകര്യവും ഉള്‍പ്പെടുത്തും. ഡല്‍ഹിയിലെ ഓരോ പൗരനും 10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും.

ബിജെപി അധികാരത്തിലെത്തിയാല്‍ മുതിര്‍ന്ന പൗരന്മാരുടെ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. 60 മുതല്‍ 70 വരെ വയസ്സ് പ്രായമുള്ളവര്‍ക്ക് 2,500 രൂപയും 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് 3,000 രൂപയും മാസം ലഭിക്കും. മഹിളാ സമൃദ്ധി യോജന പ്രകാരം സ്ത്രീകള്‍ക്ക് 2,500 മാസം നല്‍കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.



 

#Daily
Leave a comment