
തുടർച്ചയായി മൊസാംബിക്കിൽ അധികാരം നേടി സോഷ്യലിസ്റ്റ് പാർട്ടിയായ ഫ്രെലിമോ; ഫലപ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം
മൊസാംബിക്കിൽ 49 വർഷത്തെ അധികാരം നിലനിർത്തി സോഷ്യലിസ്റ്റ് രാഷ്ട്രീയ പാർട്ടിയായ ഫ്രെലിമോ. കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ചാണ് അധികാരം നിലനിർത്തിയത്. മൊസാംബിക്കിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫ്രെലിമോ പാർട്ടിയുടെ പുതുമുഖമായ ഡാനിയൽ ചാപ്പോയാണ് പ്രസിഡന്റായി അധികാരമേറ്റത്. രണ്ട് തവണ പ്രസിഡന്റ് സ്ഥാനം വഹിച്ച ഫിലിപ്പെ ന്യൂസിക്ക് ഒഴിഞ്ഞ സ്ഥാനത്ത് ഡാനിയൽ ചാപ്പോ മൊസാംബിക്കിൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭരണം തുടരും.
പോർച്ചുഗലിൽ നിന്ന് 1975 ൽ സ്വാതന്ത്ര്യം ലഭിച്ചതു മുതൽ ഫ്രെലിമോ പാർട്ടിയാണ് രാജ്യം ഭരിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ഡാനിയൽ ചാപ്പോയാണ് മൊസാംബിക്കിലെ ആദ്യത്ത പ്രസിഡന്റ് എന്ന പ്രത്യേകത കൂടിയുണ്ട്. തിരഞ്ഞെടുപ്പിൽ 71% വോട്ട് നേടിയാണ് ചാപ്പോ വിജയിച്ചത്. ചാപ്പോയുടെ അടുത്ത എതിരാളിയായ വെനാൻസിയോ മൊണ്ട്‌ലെയ്‌ന് 20 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
നിയമത്തെ ബഹുമാനിക്കുന്നവർ എന്ന നിലയിൽ ഈ സമയത്തെല്ലാം പാർട്ടി നിശബ്ദരായിരുന്നു. വിജയത്തിന് തയ്യാറെടുക്കുന്ന ഒരു സംഘടിത പാർട്ടിയാണ് ഞങ്ങളുടേതെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഡാനിയൽ ചാപ്പോ പറഞ്ഞു.
എന്നാൽ ഫലപ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് പ്രതിഷേധങ്ങൾ കൂടിയിരിക്കുകയാണ്. പല നഗരങ്ങളിലും അക്രമാസക്തമായ പ്രതിഷേധങ്ങൾ ഉടലെടുക്കുകയും, നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു. രാജ്യത്ത് പല സ്ഥലങ്ങളിലും കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ആരോപണവും പ്രതിപക്ഷ അനുഭാവികളെ കൊലപ്പെടുത്തിയതും രാജ്യത്തുടനീളം പ്രതിഷേധത്തിന് കാരണമായി. ഫലപ്രഖ്യാപനത്തിൽ ഫ്രെലിമോയുടെ വിജയശതമാനം, ഭരണകക്ഷികളിലെ അംഗങ്ങളെ ഉൾപ്പെടെ എല്ലാ വോട്ടർമാരെയും അത്ഭുതപെടുത്തിയിരുന്നു. 17 ദശലക്ഷത്തിലധികം വോട്ടർമാരിൽ 43 ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
എന്നാൽ ഈ ഫലങ്ങൾ തിരഞ്ഞെടുപ്പ് നീതിക്ക് എതിരാണെന്ന് മുൻ വിമത ഗ്രൂപ്പായ റെനാമോ നിയമിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ഡെപ്യൂട്ടി ചെയർപേഴ്സൺ ഫെർണാണ്ടോ മസാംഗ പറഞ്ഞു. ഈ ഫലങ്ങൾ യാഥാർത്ഥ്യത്തെ പ്രതിനിതീകരിക്കുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിച്ച റെനാമോയുടെ സ്ഥാനാർഥി മൊമാഡെ ആറ് ശതമാനം നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
ഈ തിരഞ്ഞെടുപ്പിനെ യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് നിരീക്ഷകരും വിമർശിച്ചിട്ടുണ്ട്. ചില ഫലങ്ങൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും, വോട്ടെണ്ണൽ സമയത്തെ ക്രമക്കേടുകളും തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ന്യായരഹിതമായ മാറ്റം വരുത്തിയതായും അവർ ആരോപിച്ചു.


