
ടെലഗ്രാം മേധാവി പവേല്‍ ദുറോവിനെതിരെ ആസൂത്രിത കുറ്റകൃത്യത്തിന് കേസെടുത്ത് ഫ്രഞ്ച് കോടതി
ടെലഗ്രാം സിഇഒ പവേല്‍ ദുറോവിനെതിരെ ആസൂത്രിത കുറ്റത്തിന് കേസെടുത്ത് ഫ്രഞ്ച് കോടതി. പ്രോസിക്യൂഷന്‍ നടപടികള്‍ അവസാനിക്കുന്നത് വരെ രാജ്യം വിട്ടുപോകാന്‍ വിലക്ക് ഏര്‍പ്പെടുത്തി.
ശനിയാഴ്ച പാരീസിനടുത്തുള്ള വിമാനത്താവളത്തില്‍ വച്ചാണ് ഫ്രഞ്ച് പൊലീസ് ദുറോവിനെ അറസ്റ്റ് ചെയ്യുന്നത്. കേസില്‍ 5 മില്യണ്‍ യൂറോ പിഴചുമത്തികൊണ്ട് ജാമ്യം അനുവദിച്ചിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് തവണ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ അവസാനിക്കുന്നത് വരെ ഫ്രാന്‍സ് വിട്ടുപോകാന്‍ പാടില്ലെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ അനുവദിച്ചു, മയക്കുമരുന്ന് ഉപയോഗത്തിനുള്ള പ്രചാരണം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ദുറോവിനെതിരെ ചുമത്തിയിരിക്കുന്നത്. ടെലഗ്രാമിന്റെ ക്രിമിനല്‍ ഉപയോഗം തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയെന്നുമാണ് റിപ്പോര്‍ട്ട്.
ആപ്പിന്റെ ക്രിമിനല്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു
ടെലഗ്രാമില്‍ ക്രിമിനല്‍ ഉപയോഗം തടയാന്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ദുറോവിനെതിരെയുള്ള ആരോപണം. ഇയാള്‍ക്കെതിരെ നേരത്തെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ടെലഗ്രാം ഉപയോഗിച്ച് ഒരു തടസവുമില്ലാതെ കുറ്റകൃത്യങ്ങള്‍ നടക്കുന്നുവെന്നും ഇതെല്ലാം കമ്പനി നോക്കി നില്‍ക്കുകയാണെന്നും അന്വേഷണസംഘം കണ്ടെത്തിയതായാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ച് നടപടി സ്വീകരിക്കാന്‍ ടെലഗ്രാമില്‍ മോഡറേറ്റര്‍മാരില്ലെന്നും ഉന്നയിക്കപ്പെടുന്നുണ്ട്.
2013 ലാണ് പാവല്‍ ദുറോവ് ടെലഗ്രാം സ്ഥാപിച്ചത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതെ 2014 ല്‍ റഷ്യ വിട്ടു. സര്‍ക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറാത്തതിന് 2018 ല്‍ റഷ്യയില്‍ ടെലഗ്രാം നിരോധിച്ചെങ്കിലും 2021 ല്‍ വിലക്ക് പിന്‍വലിക്കുകയായിരുന്നു. ദുബായ് ആസ്ഥാനമായാണ് ടെലഗ്രാം പ്രവര്‍ത്തിക്കുന്നത്.