TMJ
searchnav-menu
post-thumbnail

TMJ Daily

സസ്യഭുക്കുകളായ പുതിയ ഇനം ദിനോസറുകളെ കണ്ടെത്തി ഫ്രഞ്ച് പാലിയന്തോളജിസ്റ്റുകൾ

07 Oct 2024   |   1 min Read
TMJ News Desk

തെക്കു പടിഞ്ഞാറൻ ഫ്രാൻസിലെ ആഞ്ചിയാക് ഫോസ്സിൽ സൈറ്റിൽ നിന്നും സസ്യഭുക്കുകളായ സോറാപ്പോഡുകളുടെ പുതിയ ഇനം ദിനോസറുകളെ കണ്ടെത്തിയിരിക്കുകയാണ് പാലിയന്തോളജിസ്റ്റുകൾ. പ്രദേശത്ത് 140 മില്യൺ വർഷങ്ങൾക്ക് മുന്നേ ജീവിച്ചിരുന്ന ദിനോസറുകളുടെ ശേഷിപ്പുകളാണ് കണ്ടെത്തിയത്. 

പാരിസ് നാഷണൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പാലിയന്തോളജിസ്റ്റ് റോണൻ അലെയ്നും, കൂടാതെ സൈറ്റിൽ പ്രവർത്തിക്കുന്ന 30ഓളം വരുന്ന മറ്റ് അംഗങ്ങളുമാണ് ശേഷിപ്പുകൾ കണ്ടെത്തിയത്. ആയിരക്കണക്കിന് ഫോസ്സിൽ എല്ലുകളാണ് സൈറ്റിൽ നിന്നും കണ്ടെത്താനായത്.

ഭീമാകാരമായ തുടയെല്ല് ലഭിച്ചതിന് ശേഷം നട്ടെല്ലിന്റെ കഷ്ണങ്ങളും, തലയോട്ടിയുടെ കഷ്ണങ്ങളും, ഇടുപ്പെല്ലും കൂടാതെ 20ഓളം പല്ലുകളുമാണ് പാലിയന്തോളജിസ്റ്റുകൾക്ക് ലഭിച്ചത്. ഇതെല്ലാം ചേർത്ത് വച്ചുകൊണ്ട് പുതിയ സോറോപ്പോഡ് ഇനത്തിന്റെ രൂപരേഖ തയ്യാറാക്കാൻ കഴിയും.

ഭൂമിയിലുണ്ടായിരുന്ന ഏറ്റവും ഭീമാകാരമായ ജീവികളിലൊന്നായിരുന്നു സസ്യഭുക്കുകളായ, നാൽക്കാലികളായ സോറോപ്പോഡ് ദിനോസറുകൾ. സൈറ്റിൽ കണ്ടെത്തിയ പുതിയ ഇനം ദിനോസറുകൾ ഏറ്റവും വലുതല്ലെങ്കിലും, അവയ്ക്ക് 15 മുതൽ 20 മീറ്ററോളം നീളവും 25 ടണ്ണോളം ഭാരവുമുണ്ടായിരിക്കുമെന്ന്   റോണൻ അലെയ്ൻ അഭിപ്രായപ്പെട്ടു.

സൈറ്റിൽ നിന്നും ലഭിച്ച മറ്റൊരു ഇനം സോറോപ്പോഡുകളായ ടുറിയസോറിയയുടെ പല്ലുകളിൽ നിന്ന് വ്യത്യസ്തമാണ് പുതിയ ഇനം സോറോപ്പോഡുകളെന്നും അദ്ദേഹം പറഞ്ഞു. സൈറ്റിൽ നിന്നും ലഭിച്ച നട്ടെല്ലിന്റെ ശേഷിപ്പുകൾ മറ്റു ശേഷിപ്പുകളിൽ നിന്നും വ്യത്യസ്തമായി വേർപ്പെടാതെ തന്നെയാണ് ലഭിച്ചത്. ഇതിലൂടെ ആഞ്ചിയാക്കിൽ നിന്നും ഇവയുടെ കൂടുതൽ ഫോസിലുകൾ കണ്ടെത്താനാവുമെന്ന സൂചനയാണ് ലഭിക്കുന്നത്.

വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ക്വാറിയിലാണ് ആഞ്ചിയാക് സൈറ്റ് സ്ഥിതി ചെയ്യുന്നത്. ശക്തമായ മഴകൾ മൂലം ഖനനം സാധ്യമാവുമോ എന്ന സംശയത്തിലായിരുന്നു ഗവേഷകർ. മാത്രമല്ല ഖനനത്തിനായുള്ള യന്ത്രങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിപ്പോവുന്ന സ്ഥിതി മൂലം വെള്ളം വറ്റിക്കാനും സാധ്യമായിരുന്നില്ല. മഴ നിന്നതിന് ശേഷം ക്വാറിയിൽ ജോലി ചെയ്യുന്നവർ സൈറ്റിലെ വെള്ളം വറ്റിച്ച് പാലിയന്തോളജിസ്റ്റുകൾക്ക് വേണ്ട സൗകര്യം ഏർപ്പെടുത്തി.



#Daily
Leave a comment