TMJ
searchnav-menu
post-thumbnail

TMJ Daily

ആഗോള ഭക്ഷ്യ ഉല്പാദനത്തിന് ഭീഷണിയായി ശുദ്ധജല പ്രതിസന്ധി

18 Oct 2024   |   1 min Read
TMJ News Desk

ടുത്ത 25 വർഷത്തിനുള്ളിൽ ലോകത്തെ പകുതിയിലധികം ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തെ ശുദ്ധജല പ്രതിസന്ധി സാരമായി ബാധിക്കുമെന്ന് ഗ്ലോബൽ കമ്മീഷൻ ഓൺ ദി എക്കണോമിക്സ് ഓഫ് വാട്ടർ പ്രസിദ്ധീകരിച്ച റിപ്പോർട്ട്. ശുദ്ധജല സമ്പത്തുകളെയും അതിനാവശ്യമായ ആവാസവ്യവസ്ഥയെയും സംരക്ഷിച്ചില്ലെങ്കിൽ ലോകം വലിയൊരു ഭക്ഷ്യപ്രതിസന്ധിയിൽ വീഴുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.

കാലാവസ്ഥ വ്യതിയാനം മൂലം ലോകത്തെ പകുതിയിലധികം ജനങ്ങളും ശുദ്ധജലക്ഷാമം നേരിടുന്നുണ്ട്. കാലാവസ്ഥ അനുദിനം മോശമാവുന്ന സാഹചര്യത്തിൽ ജലക്ഷാമം രൂക്ഷമാകും. ആളുകൾക്കാവശ്യമായിട്ടുള്ള കുടിവെള്ളത്തിന്റെ കണക്കിനെ സർക്കാരുകളും അധികൃതരും വില കുറച്ച് കണ്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു വ്യക്തിയുടെ ആരോഗ്യത്തിനും ശുചിത്വത്തിനുമായി 50 തൊട്ട് 100 ലിറ്റർ വെള്ളമാണ് പ്രതിദിനം  ആവശ്യമുള്ളതെന്ന് കണക്കാക്കുന്നു. ഭൂരിപക്ഷം പ്രദേശങ്ങളിലും, ശരിയായ പോഷകാഹാരത്തിനും അന്തസുറ്റ ജീവിതത്തിനും ആവശ്യമായ അളവിൽ  ശുദ്ധജല ലഭ്യതയില്ല, അതിനാൽ  ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആളുകൾ വെള്ളം പണം കൊടുത്ത് വാങ്ങേണ്ടി വരുന്നു.

ഭക്ഷ്യ ഉല്പാദനത്തിന് ആവശ്യമായ മണ്ണിലെ ഈർപ്പം ചില രാജ്യങ്ങളിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഇതിനെ “ഗ്രീൻ വാട്ടർ” എന്നാണ് അറിയപ്പെടുന്നത്. പുഴകളിലും തടാകങ്ങളിലെയും വെള്ളത്തിനെ “ബ്ലൂ വാട്ടർ” എന്നും വിളിക്കുന്നു. ഈർപ്പം ഒരു പ്രദേശത്ത് നിന്നും മറ്റൊരു പ്രദേശത്തിലേക്ക് നീങ്ങിക്കൊണ്ടേയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയിലും റഷ്യയിലും ബ്ലൂ വാട്ടർ അധികമായി കാണപ്പെടുമ്പോൾ, ഇന്ത്യ ബ്രസീൽ പോലത്തെ രാജ്യങ്ങളിൽ ഗ്രീൻ വാട്ടർ കൂടുതലായി കാണപ്പെടുന്നു.

ജലസമ്പത്തുകൾ സംരക്ഷിക്കാൻ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് സിംഗപ്പൂർ പ്രസിഡന്റ് ധർമ്മൻ ഷണ്മുഗരത്നം പറഞ്ഞു. ശുദ്ധജല സംരക്ഷണം പുതിയ രീതികളിലൂടെ എങ്ങനെ നടപ്പിലാക്കാമെന്നും, ശുദ്ധജലം ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നും, എല്ലാവർക്കും ശുദ്ധജലം എങ്ങനെ ലഭ്യമാക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ പ്രതിസന്ധിയുടെ ഇരകളിൽ ആദ്യസ്ഥാനത്ത് നിൽക്കുന്നത്  വെള്ളമാണെന്ന് പോട്‌സ്‌ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്ട് റിസർച്ച് ഡയറക്ടറായ പ്രൊഫ ജോഹാൻ റോക്ക്‌സ്ട്രോം അഭിപ്രായപ്പെട്ടു. ആഗോള തലത്തിൽ ഇപ്പോൾ കാണുന്ന പാരിസ്ഥിതിക മാറ്റങ്ങൾ ഭൂമിയുടെ മുഴുവൻ സ്ഥിരതയെയും അപകടത്തിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


#Daily
Leave a comment