
ഇന്ധനവും വാതകവും ദൈവത്തിന്റെ വരദാനം; ആശങ്കയുണർത്തി അസർബൈജാൻ
ഇന്ധനവും വാതകവും ദൈവത്തിന്റെ വരദാനമെന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്. അസർബൈജാനിൽ നടക്കുന്ന കോപ്29 ല്‍ പങ്കെടുക്കയായിരുന്നു പ്രസിഡന്റ്. കാർബൺ ബഹിർഗമനത്തിലുള്ള രാജ്യത്തിന്റെ സംഭാവനയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളെ വിമർശിക്കുകയും, ഫോസിൽ ഇന്ധനങ്ങളുടെ ശേഖരം സൂക്ഷിക്കുന്ന രാജ്യങ്ങളെ വിമർശിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ കാലാവസ്ഥ സമ്മേളനങ്ങളിൽ ഒന്നായ കോപ് 29 അസർബൈജാനിൽ നടക്കുന്നതിൽ ചില നിരീക്ഷകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു ഇതിന് പിന്നാലെയാണ് കാലാവസ്ഥ വ്യതിയാനത്തെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ഇൽഹാം അലിയേവിന്റെ അഭിപ്രായ പ്രകടനം.
അടുത്ത ദശാബ്ദത്തിനുള്ളിൽ ഫോസിൽ ഇന്ധന ഉത്പാദനം മൂന്ന് മടങ്ങായി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും അസർബൈജാൻ നടത്തുന്നുണ്ട്. ആഗോളവാതക ബഹിർഗമനത്തിൽ അസർബൈജാന്റെ പങ്ക് 0.1 ശതമാനം മാത്രമാണെന്ന് ഇൽഹാം അലിയേവ് അവകാശപ്പെടുന്നു. ഇന്ധനം, വാതകം, സ്വർണ്ണം, വെള്ളി എന്നീ പ്രകൃതി വിഭവങ്ങൾ വിപണിയ്ക്ക് ആവശ്യമാണെന്നും, ഇവ വിപണിയിലെത്തിക്കുന്നതിന് രാജ്യങ്ങളെ വിമർശിക്കേണ്ടതില്ലെന്നും ഇൽഹാം അലിയേവ് കൂട്ടിച്ചേർക്കുന്നു. എന്നാൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നത് അസംബന്ധമാണെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് സമ്മേളനത്തിൽ പറഞ്ഞു. ഊർജ്ജ വിപ്ലവം ആഗതമായിരിക്കുന്നുവെന്നും ഒരു സർക്കാരിനും ഇത് തടയാൻ കഴിയില്ലെന്നും ഗുട്ടെറസ് പറഞ്ഞു.
കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള ശ്രമങ്ങൾ യുകെയുടെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. 2035 ഓടെ കാർബൺ ബഹിർഗമനം 81 ശതമാനം കുറയ്ക്കാനുള്ള ശ്രമത്തിലാണ് യുകെ. ഈ ഉദ്യമത്തിൽ പങ്കുചേരാൻ മറ്റു രാജ്യങ്ങളോട് യുകെ ആവശ്യപ്പെട്ടു.അസർബൈജാനിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ സോകാറിന്റെ മുൻ ഓയിൽ എക്സിക്യൂട്ടീവാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ പരിസ്ഥിതി, പ്രകൃതിവിഭവശേഷി മന്ത്രി. അസർബൈജാന്റെ ദേശീയ ഇന്ധന കമ്പനിയിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ കോപ് 29 ഉപയോഗിക്കുന്നതായും ആശങ്കയുണ്ട്.