ഫണ്ട് തട്ടിപ്പ് : വെള്ളാപ്പള്ളിക്കെതിരെ വിചാരണ തുടരും; നിരപരാധിയെന്ന് തെളിയിക്കുമെന്ന് വെള്ളാപ്പള്ളി
എസ്.എന്‍ കോളേജ് കനകജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് തുടരേണ്ടതില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം കോടതി തള്ളി.
കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതിയുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ട്രസ്റ്റിന്റെ മുന്‍ ബോര്‍ഡ് അംഗം സുരേന്ദ്ര ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെതാണ് ഉത്തരവ്.
അതേസമയം, ഉത്തരവിനെതിരെ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. തിരിച്ചടി ഉണ്ടായി എന്നൊക്കെ സൗകര്യംപോലെ വ്യാഖ്യാനിക്കാം. സത്യാവസ്ഥ ബോധ്യപ്പെടുത്തി നിരപരാധിയാണെന്ന് തെളിയിക്കാന്‍ സാധിക്കും. അഭിഭാഷകരുമായി ആലോചിച്ച് മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യം തീരുമാനിക്കും. അന്വേഷണസംഘം താന്‍ കുറ്റക്കാരനായി കാണാന്‍ ആഗ്രഹിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
1998 ല്‍ എസ്.എന്‍ കോളേജ് കനക ജൂബിലി ആഘോഷങ്ങള്‍ക്കു വേണ്ടി പിരിച്ച ഒരുകോടി രൂപയില്‍ 55 ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ വെള്ളാപ്പള്ളി നടേശന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു കേസ്. അന്ന് കമ്മിറ്റി ചെയര്‍മാനായിരുന്നു വെള്ളാപ്പള്ളി. സംഭവത്തില്‍ വെള്ളാപ്പള്ളിക്കെതിരെ തെളിവില്ല എന്നായിരുന്നു പോലീസ് ആദ്യം കണ്ടെത്തിയത്. ഇതിനെതിരെ കൊല്ലം എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്റും ട്രസ്റ്റിന്റെ ബോര്‍ഡ് അംഗവുമായിരുന്ന സുരേന്ദ്ര ബാബുവാണ് കോടതിയെ സമീപിച്ചത്.
ഹൈക്കോടതി നിര്‍ദേശപ്രകാരം എസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ പ്രത്യേക സംഘം അന്വേഷണം നടത്തി തട്ടിപ്പില്‍ വെള്ളാപ്പള്ളിക്ക് പങ്കുള്ളതായി കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. വഞ്ചന, സാമ്പത്തിക ക്രമക്കേട് എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പിന്നീട് തുടരന്വേഷണത്തിന് സിജെഎം കോടതി ഉത്തരവിട്ടു.
എന്നാല്‍, വെള്ളാപ്പള്ളിയുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതി വീണ്ടും തുടരന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം നിയമിച്ച പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിക്കണമെന്നും കീഴ്‌കോടതി തുടരന്വേഷണത്തിന് നിര്‍ദേശിച്ച ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രബാബു വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും സമയനഷ്ടമുണ്ടാക്കുന്നതിനാല്‍ എത്രയും വേഗം വിചാരണ നടത്തണമെന്നുമുള്ള ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. തുടരന്വേഷണം നിലവിലുള്ളതിനാല്‍ അത് പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വിചാരണ നേരിടേണ്ടതുള്ളൂവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാദം. ഇത് കോടതി തള്ളുകയായിരുന്നു.
വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് എസ്എന്‍ ട്രസ്റ്റ് ബൈലോ ഭേദഗതി ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു. കുറ്റവിമുക്തരാകുംവരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നാണ് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്ഖാന്‍, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നത്.
വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് വെള്ളാപ്പള്ളി നടേശന് എസ്എന്‍ ട്രസ്റ്റിന്റെ ചുമതലകള്‍ വഹിക്കുന്നതിന് തടസ്സമാകാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. എസ്എന്‍ ട്രസ്റ്റിന്റെ ചുമതല വഹിക്കുന്നവര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകരുതെന്ന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ട്രസ്റ്റിന്റെ ബൈലോ അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.