PHOTO: WIKI COMMONS
മരണാനന്തരവും മാര്‍കേസ് മാജിക്; വരുന്നു, പുതിയൊരു നോവല്‍ കൂടി
ലോകപ്രസിദ്ധ എഴുത്തുകാരൻ ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ അപൂർണ നോവൽ 2024 ൽ പ്രസിദ്ധീകരിക്കും. എൻ അഗോസ്‌റ്റോ നൗ വെമോസ് (We will See Each Other in Auguts) എന്ന നോവൽ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചത് പെൻഗ്വിൻ റാൻഡം ഹൗസാണ്. വായനക്കാർ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മാസ്റ്റർ പീസ് എഴുത്തുകാരന്റെ കുടുംബത്തിന്റെയോ ടെക്‌സാസ് സർവകലാശാലയിലെ ആർക്കൈവിലോ സുരക്ഷിതമായി സംരക്ഷിക്കപ്പെടുന്നുണ്ട് എന്ന വാർത്തകൾ പലപ്പോഴായി ഉയർന്നു വന്നിട്ടുണ്ട്. എങ്കിലും അത് പ്രസിദ്ധീകരിക്കപ്പെടുമെന്ന് വായനാ ലോകം പ്രതീക്ഷിച്ചതല്ല.
എൻ അഗോസ്‌റ്റോ നൗ വെമോസ
1999 ൽ മാർക്വേസ് കൊളംബിയൻ മാസികയായ കാംബിയോയിൽ ഒരു ചെറുകഥ പ്രസിദ്ധീകരിച്ചത് മുതൽ എൻ അഗോസ്‌റ്റോ നൗ വെമോസ് എന്ന പുസ്തകത്തിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ ഉയർന്നു വന്നു. അമ്മയുടെ ശവകുടീരത്തിൽ പുഷ്പങ്ങൾ അർപ്പിക്കാൻ ട്രോപ്പിക്കൽ ഐലന്റ് സന്ദർശിക്കുന്ന അന്ന മഗ്ദലീന എന്ന മധ്യവയസ്‌കയുടെ കഥയായിരുന്നു അത്. മാർക്വേസിന്റെ പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകത്തിലെ ആദ്യത്തെ അധ്യായമായിരുന്നു അതെന്നും പറയപ്പെടുന്നു. മാർക്വേസ് 2014 ൽ അന്തരിച്ച ശേഷം പൂർത്തിയാകാത്ത ഈ കൃതി പ്രസിദ്ധീകരിക്കാൻ കുടുംബത്തിന് താൽപ്പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഈ കൃതി പുറം ലോകം കാണില്ല എന്നാണ് എല്ലാവരും കരുതിയിരുന്നത്.
പുസ്തകം പ്രസിദ്ധീകരിക്കില്ല എന്ന തീരുമാനത്തിൽ നിന്ന് ഗാബോയുടെ മക്കൾ പിന്മാറിയത് കയ്യെഴുത്തുപ്രതി വായിച്ചതിന് ശേഷമാവാം എന്ന് തോന്നുന്നതായി ഗാബോ ഫൗണ്ടേഷൻ ഡയറക്ടർ ജെയിം അബെല്ലോ പറഞ്ഞു. 'കൊളംബിയയിൽ നിന്നും ഈ ലോകത്തിൽ നിന്നും മറയ്ക്കാൻ കഴിയാത്തത്ര വിശാലമായ കൃതിയാണ് എൻ അഗോസ്‌റ്റോ നൗ വെമോസ് ' എന്ന് മാർക്വേസിന്റെ മക്കളായ റോഡ്രിഗോയും ഗോൺസാലോ ഗാർസിയ ബാർച്ചയും വെള്ളിയാഴ്ച പറഞ്ഞു. എൻ അഗോസ്‌റ്റോ നൗ വെമോസ്് എന്നത് മാർക്വേസിന്റെ സാഹിത്യ സൃഷ്ടി നടത്താനുള്ള അവസാന ശ്രമമായിരുന്നു എന്നും അദ്ദേഹത്തിന്റെ മരണത്തിന് ഏകദേശം 10 വർഷത്തിന് ശേഷം ഒരിക്കൽ കൂടി ഈ കൃതി വായിച്ചപ്പോൾ അത് വായനക്കാരിലേക്ക് എത്തിക്കണമെന്ന് തോന്നിയതായും അവർ പറഞ്ഞു. 150 പേജുകളുള്ള പുസ്തകം ആയിരിക്കും എൻ അഗോസ്‌റ്റോ നൗ വെമോസ് എന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലീഷ് പതിപ്പിനെ കുറിച്ച് ഇതുവരെ പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
ലോകത്തിലെ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട സ്പാനിഷ് ഭാഷാ എഴുത്തുകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്വേസ്. അദ്ദേഹത്തിന്റെ സാഹിത്യ പാരമ്പര്യം മിഡ്‌നൈറ്റ്‌സ് ചിൽഡ്രൺ മുതൽ ഡിസ്‌നിയുടെ എൻകാന്റോ വരെയുള്ള കൃതികൾക്ക് പ്രചോദനം നൽകിയിട്ടുണ്ട്. ഏകാന്തതയുടെ നൂറ് വർഷങ്ങൾ എന്ന കൃതിയാണ് മാർക്വേസിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. മക്കോണ്ടോ എന്ന സാങ്കൽപ്പിക പട്ടണത്തിലെ ബ്യൂണ്ടിയസ് എന്ന കുടുംബത്തിന്റെ ചരിത്രം പറയുന്ന കൃതിയാണ് ഏകാന്തതയുടെ നൂറ് വർഷങ്ങൾ. കൊളംബിയയുടെ സൗന്ദര്യം തന്റെ കൃതികളിൽ പകർത്താൻ മാർക്വേസിന് കഴിഞ്ഞു. ദസ്തയേവ്‌സ്‌കി, ജോയ്‌സ്, സെർവാന്റസ് എന്നിവരെ പോലെ ലോകത്തെ മുഴുവൻ സ്വാധീനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം തന്റേതായ രീതിയിൽ ലോകത്തെ വീക്ഷിക്കുകയും പകർത്തുകയും ചെയ്തു. ലോകത്തിന് ഏറ്റവും പ്രിയപ്പെട്ട നോവലുകൾ സൃഷ്ടിച്ച് കൊണ്ട് ഗാബോ കൊളംബിയയുടെ പ്രതിച്ഛായ വർധിപ്പിച്ചു. കൊളംബിയ മാർക്വേസിന് മുമ്പും ശേഷവും എന്ന് വ്യത്യസ്തമായി അറിയപ്പെട്ടു. മാർക്വേസ് തന്നോട് അടുപ്പമുള്ള ആളുകളോട് എന്നും വിശ്വസ്തത പുലർത്തുകയും എന്തെങ്കിലും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അവരുമായി ചർച്ച ചെയ്യുകയും ചെയ്യുമായിരുന്നു.
മലയാളികളുടെ മാർക്വേസ്
ലാറ്റിനമേരിക്കക്കാരനായ ഈ എഴുത്തുകാരന്റെ കൃതികൾ മലയാളി വായനക്കാർക്ക് സുപരിചിതമായിരുന്നു. ഭാഷയിലൂടെയും ഫാന്റസിയിലൂടെയും ഗാബോ തന്റെ കൃതികളിലേക്ക് വായനക്കാരെ ആകർഷിച്ചു. ഗാബോയെ പ്രതി മലയാളികൾ അഹങ്കരിച്ചിരുന്നു. സ്വന്തം നാട്ടുകാരനായ എഴുത്തുകാരൻ എന്നതു പോലെ. 'ഏകാന്തതയുടെ നൂറു വർഷങ്ങളും', 'കോളറാക്കാലത്തെ പ്രണയവും' ആയിരിക്കാം മലയാളികൾ ഏറ്റവും അധികം വായിച്ചുകാണാനിടയുള്ള മാർക്വേസിന്റെ കൃതികൾ. 1982 ലാണ് മാർക്വേസിനെ നോബൽ സമ്മാനം നൽകി ആദരിക്കുന്നത്. 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' എന്ന നോവലിന്റെ പരിഭാഷയാണ് മലയാളത്തിലെ മാർക്വേസിന്റെ ആദ്യ സജീവ സാന്നിധ്യം. മലയാളിക്ക് അന്ന് മുതൽ മാർക്വേസ് മലയാളി തന്നെയാണ്. തുടർന്ന് അദ്ദേഹത്തിന്റെ മിക്ക കൃതികളും മലയാളി മലയാളത്തിൽ തന്നെയാണ് വായിച്ചു തീർത്തത്.