
കെ ബി ഗണേഷ് കുമാര്‍ | PHOTO: FACEBOOK
സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; തുടര്‍ നടപടികള്‍ റദ്ദാക്കില്ല
സോളാര്‍ കേസുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എക്ക് തിരിച്ചടി. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കണമെന്ന ഗണേഷിന്റെ ഹര്‍ജി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.
ഗണേഷ് കുമാറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് നേരിട്ട് ഹാജരാകാന്‍ കൊട്ടാരക്കര കോടതി സമന്‍സ് അയച്ചിരുന്നു. ഗണേഷ്‌കുമാറിനെയും പരാതിക്കാരിയെയും എതിര്‍കക്ഷികളാക്കി അഡ്വ. സുധീര്‍ ജേക്കബാണ് പരാതി നല്‍കിയത്. ഈ കേസ് റദ്ദാക്കണമെന്നായിരുന്നു ഗണേഷിന്റെ ആവശ്യം. എന്നാല്‍ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി അന്തിമവിധി പ്രഖ്യാപിച്ചു.
സത്യം തെളിയിക്കപ്പെടണം
കേസില്‍ പ്രതിസ്ഥാനത്തു നിന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിനു നീതി ലഭിക്കണമെങ്കില്‍ കേസ് മുന്നോട്ടുപോകണമെന്നും നിയമപരമായ തീരുമാനത്തിലെത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് തുടരേണ്ടത് ഉമ്മന്‍ ചാണ്ടിക്കുവേണ്ടി മാത്രമല്ല, കുടുംബത്തിനും കൂടിയാണ്. മറിച്ച്, ഹര്‍ജിക്കാരനെതിരായ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ എംഎല്‍എ ആയ ഗണേഷ്‌കുമാറിന്റെ സത്യസന്ധത തെളിയിക്കപ്പെടുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലും ഹൈക്കോടതി വാദം കേട്ടിരുന്നു. തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും കത്ത് എഴുതിയതും കോടതിയില്‍ സമര്‍പ്പിച്ചതും പരാതിക്കാരി നേരിട്ടാണെന്നുമായിരുന്നു ഗണേഷിന്റെ വാദം. ഈ മാസം പതിനെട്ടിന് ഗണേഷ് കുമാര്‍ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ഇടപെടലിലൂടെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാകുന്നതില്‍ ഗണേഷിന് 10 ദിവസത്തെ സാവകാശം നല്‍കുകയായിരുന്നു.
സോളാര്‍ പീഡനകേസിലെ ഗൂഢാലോചനയില്‍ ഗണേഷ്‌കുമാറിന് പങ്കുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കെപിസിസി ഭാരവാഹിയാണ് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പരാതിക്കാരിയുടെ കത്തില്‍ തിരുത്തല്‍ വരുത്താന്‍ ഗൂഢാലോചന നടത്തിയെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതിചേര്‍ത്തെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
25 പേജുള്ള കത്താണ് എഴുതിയതെന്ന് പരാതിക്കാരി തന്നെ സോളാര്‍ കമ്മീഷനിലുള്‍പ്പെടെ വ്യക്തമാക്കിയ സാഹചര്യത്തില്‍ തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നാണ് ഗണേഷ് കുമാറിന്റെ വാദം. ഒരാള്‍ക്ക് എത്ര കത്ത് വേണമെങ്കിലും എഴുതാമെന്നും ഒരു കത്ത് യഥാര്‍ത്ഥവും ബാക്കിയൊക്കെ വ്യാജവുമാണെന്ന് എങ്ങനെയാണ് പറയാനാവുക. അതിനാല്‍ കേസിലെ തുടര്‍നടപടികള്‍ കോടതി നടപടികള്‍ക്കെതിരാണെന്നാണ് ഗണേഷ് കുമാറിന്റെ അഭിഭാഷകന്റെ വാദം.