.jpg)
ഇ-സിം തട്ടിപ്പുമായി സംഘങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക, ജാഗ്രത നിർദ്ദേശം നൽകി പൊലീസ്
ഇ-സിം ലേക്ക് മാറാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ കൂടുന്നു. ഉപഭോക്താക്കൾക്ക് ജാഗ്രത മുന്നറിയിപ്പുമായി കേരള പൊലീസ്. സ്മാർട്ട്ഫോണിൽ നിർമ്മിച്ചിരിക്കുന്നതും നീക്കംചെയ്യാൻ കഴിയാത്തതുമായ ഒരു സിം കാർഡാണ് ഇ-സിം എന്ന് അറിയപ്പെടുന്ന എംബഡഡ് സിം.
സാധാരണ ഫോൺ മാറുന്നതിനനുസരിച്ചോ മറ്റോ സിം ഓരോ തവണയും മാറ്റിയിടേണ്ടി വരും. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഇ- സിം കാർഡുകൾ ഫോണിലേക്ക് പ്രത്യേകമായി ഇട്ട് കൊടുക്കേണ്ടതില്ല.ഇത് ഫോണിനുള്ളിൽ നീക്കംചെയ്യാൻ കഴിയാത്ത സംവിധാനമാണ്. ഇത് നിലവിലുള്ള സാധാരണ സിം കാർഡിന്റെ അതേ രീതിയിൽ പ്രവർത്തിക്കും. ഐഫോൺ 15 ഉൾപ്പെടെ ഇപ്പോൾ ഇറങ്ങുന്ന ഏതാണ്ട് എല്ലാ പുതിയ ഫോണുകളിലും ഇ-സിം സാങ്കേതികവിദ്യയുണ്ട്
ഉപഭോക്താക്കളുടെ മൊബൈലിലേക്ക് കസ്റ്റമർ കെയർ സെന്ററിൽ നിന്ന് എന്ന വ്യാജേന ഫോൺ വിളിച്ചു നിലവിലുള്ള സിമ്മിൽ നിന്നും ഇ സിമ്മിലേക്ക് മാറാൻ പറയും.ശേഷം ഇവരുടെ ആപ്പിലോ വെബ് സൈറ്റിലോ പ്രവേശിച്ചു 32 അക്ക ഇ-ഐ ഡി നൽകി ഇ-സിം ആക്ടിവാക്കുവാൻ അവർ നിർദ്ദേശിക്കും.ഇങ്ങനെ ആക്ടിവേറ്റ് ചെയ്യുന്നവരുടെ ഇ-മെയിലിലേക്ക് ലഭിക്കുന്ന ക്യു ആർ കോഡ് തട്ടിപ്പ് സംഘം നൽകുന്ന വാട്സപ്പ് നമ്പറിൽ അയച്ചു നൽകാൻ അവർ പറയുകയും ശേഷം ക്യു ആർ കോഡ് ലഭിക്കുന്ന തട്ടിപ്പുകാർ ഉപഭോക്താക്കളുടെ പേരിലുള്ള ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതോടെ മൊബൈൽ സിം കാർഡിന്റെ പൂർണ്ണ നിയന്ത്രണം അവർ ഏറ്റെടുക്കും. അതേസമയം, ഉപഭോക്താക്കളുടെ കൈവശമുള്ള സിം പ്രവർത്തനരഹിതമാകുകയും ചെയ്യും. തുടർന്ന് 24 മണിക്കൂറുകൾക്കുള്ളിൽ മാത്രമേ ഇ സിം പ്രവർത്തിക്കു എന്നവർ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കും. ആ സമയ പരിധിക്കുള്ളിൽ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം അവർ ഏറ്റെടുത്താണ് തട്ടിപ്പ് നടത്തുന്നത്.
തട്ടിപ്പുകൾ കൂടുന്നതിനാൽ കസ്റ്റമർ കെയർ സെന്ററിൽ നിന്ന് എന്ന പേരിൽ വരുന്ന വ്യാജ ഫോൺ കോളുകളിൽ ജാഗ്രത പാലിക്കുകയാണ് ഏക പോംവഴി. സേവനദാതാക്കൾ നൽകുന്ന ക്യൂ ആർ കോഡ്, ഒ ടി പി, പാസ്‌വേഡ് എന്നിവ ആരുമായും പങ്കുവയ്ക്കാൻ പാടില്ല.നിങ്ങളുടെ സാമ്പത്തികകാര്യങ്ങളും ഇടപാടുകളും ആരുമായും പങ്കുവെയ്ക്കാൻ പാടില്ല. നിങ്ങളുടെ എല്ലാത്തരം ഡിജിറ്റൽ അക്കൗണ്ടുകൾക്കും ടു സ്റ്റെപ് വെരിഫിക്കേഷൻ എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണമെന്നും കേരള പൊലീസ് അറിയിച്ചു.