ഗാസയില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു; മരണനിരക്ക് അവ്യക്തം
ഗാസയിലെ അല്‍ ഷിഫ ആശുപത്രിക്കു സമീപം ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്നതായി റിപ്പോര്‍ട്ട്. ഗാസയിലെ അല്‍ ഷിഫ ഉള്‍പ്പെടെയുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. വൈദ്യുതി വിതരണം നിലച്ചതും ഇന്ധനം തീര്‍ന്നതും ഇന്‍ക്യുബേറ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായതായും റിപ്പോര്‍ട്ട്.
അല്‍ ഷിഫ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രണ്ടു ശിശുക്കള്‍ അടക്കം 12 രോഗികള്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന 43 നവജാത ശിശുക്കളെയും രോഗികളെയും മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഇസ്രയേല്‍ സേന വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ട്.
വ്യക്തതയില്ലാതെ മരണനിരക്ക്
തുടരുന്ന ആക്രമണങ്ങളില്‍ ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറായതോടെ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ ലഭ്യമാകുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ. വെള്ളിയാഴ്ച മുതല്‍ ഗാസയില്‍ നടക്കുന്ന മരണങ്ങളെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് യുഎന്‍ ദുരിതാശ്വാസ ഏജന്‍സി അറിയിച്ചു. നവംബര്‍ 10 ന് പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടുമണി വരെയുള്ള മരണനിരക്കാണ് അവസാനമായി ഗാസ ആരോഗ്യമന്ത്രാലയം പുതുക്കിയിരിക്കുന്നത്. 11,708 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രണ്ടായിരത്തിലധികം ആളുകള്‍ അല്‍ ഷിഫ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. 600 ലധികം കിടപ്പുരോഗികളും 500 ഓളം ആരോഗ്യപ്രവര്‍ത്തകരും 1,500 ഓളം അഭയാര്‍ത്ഥികളും ആശുപത്രിയില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ട്.
യുഎന്‍ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ
കിഴക്കന്‍ ജെറുസലേമും മറ്റ് പലസ്തീന്‍ പ്രദേശങ്ങളും സ്വന്തമാക്കാനുള്ള ഇസ്രയേല്‍ നീക്കത്തെ അപലപിക്കുന്ന യുഎന്‍ പ്രമേയത്തെ ഇന്ത്യയടക്കം 145 രാജ്യങ്ങള്‍ അനുകൂലിച്ചു. ചൈന, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും യുഎന്‍ പ്രമേയത്തെ അനുകൂലിക്കുന്നു. എന്നാല്‍ യുഎസ് അടക്കമുള്ള ഏഴു രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് രംഗത്തുവന്നു. യുഎന്‍ പൊതുസഭയുടെ സ്‌പെഷ്യല്‍ പൊളിറ്റിക്കല്‍ ആന്‍ഡ് ഡീ കോളണൈസേഷന്‍ കമ്മിറ്റിയാണ് പ്രമേയം കൊണ്ടുവന്നത്. അധിനിവേശ പ്രദേശങ്ങളിലെ ഭൂമി പിടിച്ചെടുക്കുന്നതും ജനങ്ങളെ ഒഴിപ്പിക്കുന്നതും ഉടന്‍ അവസാനിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.