
ഗാസ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിക്കും; ആക്രമണം പുനരാരംഭിക്കും: ഇസ്രായേല്‍
ഹമാസ് ശനിയാഴ്ച്ച ഉച്ചയോടെ ഇസ്രായേലി ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിക്കുമെന്നും കടുത്ത ആക്രമണം പുനരാരംഭിക്കുമെന്നും ഹമാസിന് ഇസ്രായേല്‍ മുന്നറിയപ്പ് നല്‍കി.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബന്ദികളെ സ്വതന്ത്രമാക്കുന്ന നടപടി മാറ്റിവച്ചുവെന്ന ഹമാസിന്റെ പ്രഖ്യാപനത്തിന് പ്രതികരണമായി തയ്യാറായിരിക്കാന്‍ ഇസ്രായേലി സൈന്യത്തിന് ഉത്തരവ് നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ശനിയാഴ്ച്ച അവശേഷിക്കുന്ന 76 ബന്ദികളേയും ആണോ അതോ മൂന്ന് ബന്ദികളെ ആണോ വിട്ടയക്കാന്‍ നെതന്യാഹു ആവശ്യപ്പെടുന്നത് എന്ന് വ്യക്തമല്ല. പക്ഷേ, എല്ലാവരേയും ആണെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് ഒരു ഇസ്രായേലി മന്ത്രി പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാറിനോട് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഹമാസ് പറഞ്ഞു. എന്തെങ്കിലും സങ്കീര്‍ണതകളോ കാലതാമസോ ഉണ്ടായാല്‍ അതിന് ഉത്തരവാദി ഇസ്രായേല്‍ ആണെന്നും ഹമാസ് പറഞ്ഞു.
മൂന്നാഴ്ച്ചയായി നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ ലംഘിക്കുന്നതായി ഹമാസ് ആരോപിച്ചിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളേയും ഇസ്രായേല്‍ തടയുന്നതായി ഹമാസ് കരുതുന്നു. കരാറിന്റെ ആദ്യ ഘട്ടം ആറാഴ്ച്ചത്തേക്കുള്ളതാണ്.
ശനിയാഴ്ച്ചയോടെ ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേലിനെ ഉപദേശിച്ചിരുന്നു.
ഇസ്രായേലിന്റെ സുരക്ഷാ മന്ത്രിസഭ കഴിഞ്ഞ ദിവസം നാല് മണിക്കൂര്‍ യോഗം ചേര്‍ന്നു. ഈ യോഗം ട്രംപിന്റെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തുവെന്ന് നെതന്യാഹു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.
ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ അന്തിമമായി പരാജയപ്പെടുത്തുന്നത് വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു പറഞ്ഞു.