TMJ
searchnav-menu
post-thumbnail

PHOTO: TWITTER

TMJ Daily

ഗാസ വെടിനിര്‍ത്തല്‍; അമേരിക്കയുടെ നേതൃത്വത്തിലുള്ള യുഎന്‍ പ്രമേയം അംഗീകരിക്കാതെ റഷ്യയും ചൈനയും

23 Mar 2024   |   1 min Read
TMJ News Desk

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള പ്രമേയം റഷ്യയും ചൈനയും നിരസിച്ചു. ഇരു രാജ്യങ്ങളും വീറ്റോ ചെയ്തതോടെ യുഎന്‍ രക്ഷാസമിതി പ്രമേയം തള്ളി. സിവിലിയന്മാരെ സംരക്ഷിക്കുകയും മാനുഷിക സഹായം എത്തിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന ഏകദേശം ആറാഴ്ച വരെ നീണ്ടുനില്‍ക്കുന്ന അടിയന്തരവും സുസ്ഥിരവുമായ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്നതാണ് പ്രമേയം എന്നാണ് റിപ്പോര്‍ട്ട്. 15 കൗണ്‍സില്‍ അംഗങ്ങളില്‍ 11 പേരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌തെങ്കിലും റഷ്യയും ചൈനയും പ്രമേയം നിരസിക്കുകയായിരുന്നു.

യുഎസ് പ്രമേയത്തെ വിമര്‍ശിച്ച് റഷ്യയും ചൈനയും

യുഎസിന്റെ നേതൃത്വത്തിലുള്ള പ്രമേയം രാഷ്ട്രീയപ്രേരിതമാണെന്നും ഇസ്രയേലിന് റാഫയില്‍ ആക്രമണം നടത്താനുള്ള പഴുതുകള്‍ ഒരുക്കുന്നുണ്ടെന്നും റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ പറഞ്ഞു. റാഫയില്‍ ഇസ്രയേല്‍ നടത്തുന്ന ആസൂത്രിത സൈനിക നടപടിയോടുള്ള എതിര്‍പ്പ് യുഎസ് പ്രമേയത്തില്‍ വ്യക്തമല്ലെന്നും ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നുമാണ് ചൈനീസ് അംബാസഡര്‍ ഷാങ് ജുന്‍ വിമര്‍ശിച്ചത്.

ബദല്‍ പ്രമേയം

യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തയ്യാറാക്കിയ ബദല്‍ പ്രമേയത്തിന്റെ വോട്ടെടുപ്പിനായി തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൗണ്‍സില്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് വോട്ടെടുപ്പ് ആസൂത്രണം ചെയ്തിരുന്നതെങ്കിലും ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. മുസ്ലീം വിശുദ്ധ മാസമായി കണക്കാക്കുന്ന റമദാനില്‍ ഉടനടി വെടിനിര്‍ത്തല്‍ നടത്തുക, എല്ലാ ബന്ദികളെയും മോചിപ്പിക്കുക, ഗാസയിലേക്കുള്ള മാനുഷിക സഹായം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബദല്‍ പ്രമേയത്തിന്റെ കരട് പകര്‍പ്പില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.


#Daily
Leave a comment