ഗാസ പ്രതിസന്ധിയിലേക്ക്: ഭക്ഷണവും ഇന്ധനവുമില്ല; വിമര്‍ശനവുമായി യുണിസെഫും യുഎന്നും
ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമായി തുടരവേ ഗാസയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഭക്ഷണവും ഇന്ധനവും ലഭ്യമല്ലാതായതോടെ യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനം നിലച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ധനക്ഷാമം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് 40 ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചതായി ഗാസ ആരോഗ്യമന്ത്രി അറിയിച്ചു.
ഗാസയിലെ വിവിധ ആശുപത്രികളിലെ ഇന്‍കുബേറ്ററുകളിലായി 120 കുഞ്ഞുങ്ങളാണ് കഴിയുന്നത്. ഇന്ധനക്ഷാമം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചാല്‍ നിരവധി ജീവനുകള്‍ അപകടത്തിലാകും. ഇന്ധനം വിതരണം ചെയ്യുന്നതിനായി യുഎന്‍ ഹമാസിനോട് ആവശ്യപ്പെടണമെന്നാണ് ഇസ്രയേലിന്റെ നിലപാടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഏകദേശം അഞ്ചുലക്ഷം ലിറ്റര്‍ ഇന്ധനം മുന്‍കരുതലെന്ന നിലയില്‍ ഹമാസിന്റെ പക്കലുണ്ടെന്ന് ഇസ്രയേല്‍ സൈന്യം എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ സൂചിപ്പിക്കുന്നു.
അതിക്രമം തുടര്‍ന്ന് ഇസ്രയേല്‍
സിറിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം തുടരുകയാണ്. ഇസ്രയേലിനു നേരെ കഴിഞ്ഞദിവസം നടന്ന റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണ് ബുധനാഴ്ച രാവിലെ സിറിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടിട്ടില്ല.
ധാര്‍മികതയ്ക്കു മേലുള്ള കളങ്കം
യുദ്ധം തുടങ്ങി കഴിഞ്ഞ 18 ദിവസത്തിനുള്ളില്‍ ഗാസയില്‍ മാത്രം കൊല്ലപ്പെട്ടത് 2,360 കുട്ടികളെന്ന് റിപ്പോര്‍ട്ട്. 5,364 കുട്ടികള്‍ക്ക് പരുക്കേറ്റതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കുട്ടികളുടെ മരണത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ് യുണിസെഫ്. ഗാസയിലെ സാഹചര്യം ധാര്‍മികതയ്ക്ക് ഏറ്റ കളങ്കമാണെന്നും യുണിസെഫ് വ്യക്തമാക്കി. ഓരോ ദിവസവും ഗാസയിലെ യുദ്ധഭൂമിയില്‍ 700 ലധികം ആളുകളാണ് കൊല്ലപ്പെടുന്നത്.
യുദ്ധനിയമങ്ങളുടെ ലംഘനം
ഗാസയില്‍ ഇപ്പോള്‍ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാര്‍ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അതീതരല്ലെന്നും ഗുട്ടറസ് പറഞ്ഞു. നിരപരാധികളെ മറയാക്കുന്നതോ കൂട്ടത്തോടെ ഒഴിപ്പിക്കുന്നതോ അല്ല സിവിലിയന്‍ സംരക്ഷണം. ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ പലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനെ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.