ഇസ്രയേല്‍ ബന്ദികളാക്കിയ 310 ആരോഗ്യപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗാസ
യുദ്ധമുഖത്ത് നിന്നും ഇസ്രയേല്‍ ബന്ദികളാക്കിയ 310 ആരോഗ്യപ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്നും അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം ഉണ്ടാകണമെന്നും ഗാസ ആവശ്യപ്പെട്ടു. ഗാസ അല്‍-മവാസി മേഖലയിലെ കൂടാരങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 20 പലസ്തീനികളെ ഇസ്രയേല്‍ സൈന്യം ബന്ദികളാക്കിയിരുന്നു. ധഹരിയ പട്ടണത്തിലെ 17 പേരെയും നബ്ലസ് ഗവര്‍ണറേറ്റിലെ അസ്‌കര്‍ ക്യാമ്പിലെ രണ്ട് പേരെയും ഹെബ്രോണ്‍ നഗരത്തിലെ ഒരാളെയുമാണ് സൈന്യം ബന്ദികളാക്കിയത്. വെസ്റ്റ് ബാങ്കില്‍ നാല് പേരെ ഇസ്രയേല്‍ സൈന്യം വെടിവച്ച്‌കൊന്നു. ഒക്ടോബര്‍ 7 മുതല്‍ വെസ്റ്റ് ബാങ്കിലുടനീളം 9000 ത്തിലധികം പേരെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയയിലെ കമാല്‍ അദ്വാന്‍ ആശുപത്രിയിലെ വനിതാ വിഭാഗം മേധാവി ഡോ. ഇയാദ് അല്‍ റാന്റിസി ഇസ്രയേല്‍ ജയിലില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിനെതിരെ ഗാസ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഖത്തര്‍ പ്രധാനമന്ത്രി ഹമാസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെടിനിര്‍ത്തല്‍ കരാറില്‍ ഹമാസ് മാറ്റങ്ങള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യുഎന്‍ പാസാക്കിയ ആഗോള പിന്തുണയോടെയുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലോ ഹമാസോ പൂര്‍ണമായി അംഗീകരിച്ചിട്ടില്ല.