TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ഗാസയില്‍ കടുത്ത പട്ടിണി, സ്ഥിതി നരകതുല്യം

31 Jan 2024   |   2 min Read
TMJ News Desk

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുമ്പോള്‍ പലസ്തീന്‍ ജനത കടുത്ത പട്ടിണിയിലാണെന്ന് ലോകാരോഗ്യ സംഘടന. ചെക്ക്‌പോസ്റ്റുകളില്‍ ഭക്ഷണം എത്തുന്നത് വൈകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഗുരുതരക്ഷാമം നേരിടുകയാണെന്നും ഖാന്‍ യൂനിസിലെ നാസര്‍ ഹോസ്പിറ്റലിലേക്ക് ഭക്ഷണം എത്തിക്കാന്‍ സാധിച്ചില്ലെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു. അപൂര്‍വ്വമായി മാത്രമാണ് ഗാസയില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ സാധിക്കുന്നത്. വടക്കന്‍ ഗാസയില്‍ ഭക്ഷണ വിതരണത്തിനിടയില്‍ തിരക്ക് കാരണം രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചതായി മേഴ്‌സി കോര്‍പ്‌സ് സന്നദ്ധപ്രവര്‍ത്തകന്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ജീവകാരുണ്യ സഹായം മുടങ്ങുന്നു

പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായമെത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്സ് ഏജന്‍സിക്കുള്ള ധനസഹായം പാശ്ചാത്യ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയിരുന്നു. ബ്രിട്ടന്‍, അമേരിക്ക, ഓസ്‌ട്രേലിയ, ഇറ്റലി, ക്യാനഡ, ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് യു എന്‍ ആര്‍ ഡബ്ലു എയ്ക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്തിയിരിക്കുന്നത്. ഗാസയില്‍ വംശഹത്യ തുടരുമ്പോള്‍ യു എന്‍ ആര്‍ ഡബ്ലു എയുടെ സഹായം ഇല്ലാതെയാകുമോ എന്നുള്ള ആശങ്കയിലാണ് പലസ്തീന്‍ ജനത. 

ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ യു എന്‍ ആര്‍ ഡബ്ലു എയുടെ ജീവനക്കാര്‍ക്കും പങ്കുണ്ടെന്നാരോപിച്ചായിരുന്നു സംഘടനയ്ക്ക് നല്‍കുന്ന ധനസഹായം നിര്‍ത്തലാക്കിയത്. ഏജന്‍സിക്കുള്ള ധനസഹായം നിര്‍ത്താനുള്ള തീരുമാനം ഞെട്ടിക്കുന്നതായിരുന്നു എന്നാണ് കമ്മീഷണര്‍ ജനറല്‍ ഫിലിപ്പി ലാനിസ്റ്ററി പ്രതികരിച്ചത്. ധനസഹായം നിര്‍ത്തലാക്കുന്ന തീരുമാനം പിന്‍വലിക്കണമെന്നും ധനസഹായം പുനരാരംഭിക്കണമെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന 12 പേരില്‍ ഒമ്പത് പേരെ ഏജന്‍സി പിരിച്ച് വിട്ടിട്ടുണ്ട്. ബാക്കിയുള്ള മൂന്ന് പേരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. രണ്ട് പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 

ഗാസയില്‍ ജീവിക്കുന്ന 23 ലക്ഷം പേരില്‍ 20 പേരും യു എന്‍ ആര്‍ ഡബ്ല്യു എയുടെ ധനസഹായത്തെ ആശ്രയിക്കുന്നുവരാണ്. ഏജന്‍സിയുടെ ധനസഹായം നിര്‍ത്തലായാല്‍ ഗാസയിലെ പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാവുകയും ചെയ്യും. ഏജന്‍സിക്ക് കഴിഞ്ഞ വര്‍ഷം പകുതിയിലധികം ഫണ്ടും നല്‍കിയിരുന്നത് പാശ്ചാത്യ രാജ്യങ്ങളാണ്.

വംശഹത്യ തുടര്‍ന്ന് ഇസ്രയേല്‍

ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് ചെവികൊള്ളാതെ ഇസ്രയേല്‍. ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 26,751 പേര്‍ കൊല്ലപ്പെടുകയും 65,636 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.


#Daily
Leave a comment