PHOTO: PTI
ഗാസ ശവപ്പറമ്പായി മാറുന്നതായി യുഎന്‍; ഗാസയില്‍ മരണസംഖ്യ 10,000 കടന്നു
ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 10,000 കടന്നു. ഗാസയില്‍ മാത്രം 10,022 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 4,104 കുഞ്ഞുങ്ങളും 2,641 സ്ത്രീകളും ഉള്‍പ്പെടുന്നു. ഒക്‌ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ പരുക്കേറ്റവരുടെ എണ്ണം 25,408 ആയി. മൂന്ന് പതിറ്റാണ്ടിനിടെ ലോകത്ത് നടന്ന മറ്റേത് സംഘര്‍ഷങ്ങളിലും കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഗാസയില്‍ കൊല്ലപ്പെട്ടു. യുഎന്‍ സംഘടനയുടെ ചരിത്രത്തില്‍ മറ്റേത് ഘട്ടത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍.
ഗാസയെ രണ്ടാക്കി ഇസ്രയേല്‍ സേന
നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ ഗാസാ സിറ്റിയെ പൂര്‍ണമായും വളഞ്ഞതായി ഇസ്രയേല്‍ സേന അറിയിച്ചു. ഹമാസിന്റെ ഔട്ട്‌പോസ്റ്റുകള്‍ പിടിച്ചെടുത്തതോടെ ഗാസ രണ്ടായി വിഭജിക്കപ്പെട്ടു. വരുംദിവസങ്ങളില്‍ ഇസ്രയേലി സേന ഗാസ സിറ്റിയില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വടക്ക്, തെക്ക് പ്രദേശങ്ങളായി ഗാസ വിഭജിക്കപ്പെട്ടുവെന്നും ഹമാസ് തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിലെ നിര്‍ണായകഘട്ടമാണിതെന്നും ഇസ്രയേലി സേനാ വക്താവ് ഡാനിയേല്‍ ഹാഗാരി അറിയിച്ചു. വടക്കന്‍ ഗാസയിലുള്ള ജനങ്ങള്‍ക്ക് തെക്കോട്ടു രക്ഷപ്പെടാന്‍ പരമാവധി സൗകര്യമൊരുക്കുന്നുണ്ടെന്ന് ഇസ്രയേലി സേന അറിയിച്ചു. എന്നാല്‍ ഈ റോഡുകള്‍ ഹമാസ് ഭീകരര്‍ ഉപയോഗിച്ചാല്‍ സേന ആക്രമണത്തിനു മടിക്കില്ലെന്നും വ്യക്തമാക്കി.
ഗാസയില്‍ മൂന്നിടത്ത് ഇസ്രയേല്‍ സേനയുമായി കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതായി ഹമാസിന്റെ അല്‍ ഖസം ബ്രിഗേഡ് അറിയിച്ചു. ജനങ്ങള്‍ തെക്കന്‍ ഗാസയിലേക്കു മാറാന്‍ നിര്‍ദേശം നല്‍കികൊണ്ടുള്ള ലഘുലേഖകളും ഇസ്രയേല്‍ സൈന്യം വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.