
ഗാസ; വെടിനിർത്തൽ മധ്യസ്ഥ ശ്രമം ഖത്തർ നിർത്തി വച്ചു
ഗാസയിൽ വെടിനിർത്തലിനും, ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള മധ്യസ്ഥ ചർച്ചകൾ ഖത്തർ നിർത്തി വച്ചു. ഈ വിഷയത്തിൽ ഒത്തുതീർപ്പിൽ എത്തുന്നതിനുള്ള സന്നദ്ധതയും, ഗൗരവവും കാണിക്കുന്നതു വരെ മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങൾ നിർത്തി വയ്ക്കുമെന്ന് ഹമാസിനെയും, ഇസ്രായേലിനെയും അറിയിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗാസയിൽ യുദ്ധം ചെയ്യുന്ന കക്ഷികൾ തമ്മിൽ ഫലപ്രദമായ ചർച്ചകൾക്കായി ഖത്തർ മാസങ്ങളായി അമേരിക്കയ്ക്കും ഈജിപ്തിനുമൊപ്പം പ്രവർത്തിക്കുന്നുണ്ട്. അതിൽ നിന്നും ഏതെങ്കിലും വിധത്തിലുള്ള പിന്മാറ്റം ഒരു കരാറിലെത്താനുള്ള ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കും.
ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയ ഓഫീസിന്റെ ഭാവിയെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ കൃത്യതയില്ലാത്തതാണെന്ന് ഖത്തർ മന്ത്രാലയം വ്യക്തമാക്കി. ഗ്രൂപ്പിനെ പുറത്താക്കാൻ വാഷിംഗ്ടൺ ഖത്തറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഖത്തർ ഈ സന്ദേശം ഹമാസിന് കൈമാറിയിട്ടുണ്ടെന്നും യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
മധ്യസ്ഥ ശ്രമങ്ങൾ താൽക്കാലികമായി നിർത്തിവച്ചതോടെ, ഹമാസിന്റെ രാഷ്ട്രീയ ഓഫീസ് അതിന്റെ ഉദ്ദേശ്യം നിറവേറ്റുന്നില്ലെന്ന് ഖത്തർ നിഗമനം ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ ശനിയാഴ്ച പറഞ്ഞു.
എന്നാൽ ഹമാസ് നേതാക്കളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നില്ലെന്ന് ഖത്തർ അറിയിച്ചിട്ടില്ലെന്ന് മൂന്ന് ഹമാസ് ഉദ്യോഗസ്ഥർ പറഞ്ഞു. അമേരിക്കയുമായുള്ള കരാറിന്റെ ഭാഗമായി 2012 മുതൽ ഖത്തർ ഹമാസ് രാഷ്ട്രീയ നേതാക്കൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്. 2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിൽ നടത്തിയ അക്രമണങ്ങളോടെ സ്ഥിതിഗതികൾ രൂക്ഷമാവുകയായിരുന്നു.
ഹമാസും ഇസ്രായേലും തമ്മിൽ ഒത്തുതീർപ്പിലെത്താനുള്ള മധ്യസ്ഥത ശ്രമങ്ങൾ നിർത്തുമെന്ന് 10 ദിവസം മുൻപ് ഇരുകൂട്ടരെയും അറിയിച്ചിരുന്നു. ഹമാസും, ഇസ്രായേലും ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.