PHOTO: PTI
വെടിനിര്‍ത്തലില്‍ ആശ്വസിച്ച് ഗാസ
49 ദിവസം നീണ്ടുനിന്ന ഇസ്രയേലിന്റെ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ ഗാസയിലെ ജനങ്ങള്‍ ഭയരഹിതമായ മണിക്കൂറുകളിലൂടെയാണ് കടന്നുപോകുന്നത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന് രണ്ട് ദിവസം ആകുന്നു. കരാറനുസരിച്ച് ആദ്യഘട്ടം ഇസ്രയേല്‍ ജയിലില്‍ നിന്ന് കുട്ടികളും സ്ത്രീകളും അടങ്ങുന്ന 39 പലസ്തീനികളെ വിട്ടയച്ചു. ഹമാസ് ബന്ദികളാക്കിയ 13 പേരെ മോചിപ്പിച്ചു. ഇതില്‍ 10 തായ് പൗരന്മാരും ഒരു ഫിലിപ്പിന്‍ പൗരനും ഉള്‍പ്പെടുന്നു. ഗാസ മോചിപ്പിച്ച ബന്ദികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. കരാര്‍ പ്രകാരം നാലുദിവസങ്ങള്‍ക്കുള്ളില്‍ ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന 150 പലസ്തീന്‍ തടവുകാരെയും ഹമാസ് ബന്ദികളാക്കിയതില്‍ 50 പേരേയും മോചിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
വെടിനിര്‍ത്തല്‍ നീളാന്‍ സാധ്യത
ഇസ്രയേല്‍ ജയിലുകളില്‍ തടവുകാര്‍ കഷ്ടപ്പെടുകയാണെന്ന് ജയിലില്‍ നിന്ന് മോചനം നേടിയവരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. 'തടവുകാര്‍ക്ക് ശുദ്ധമായ കുടിവെള്ളമോ ആവശ്യത്തിന് ഭക്ഷണമോ നല്‍കുന്നില്ല, ഞങ്ങള്‍ ജയിലില്‍ ഒരുപാട് കഷ്ടപ്പെട്ടു. അവര്‍ എപ്പോഴും ഞങ്ങളോട് മോശമായ രീതിയിലാണ് പെരുമാറിയത്. ഗാസയിലെ ജനങ്ങളുടെ ചെറുത്തുനില്‍പ്പിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദൈവം അവരെ ക്ഷമയോടെ അനുഗ്രഹിക്കട്ടെ എന്നും അവര്‍ പറഞ്ഞു.
നിലവിലുള്ള വെടിനിര്‍ത്തല്‍ കൂടുതല്‍ കാലം പ്രാബല്യത്തില്‍ തുടരും എന്ന സൂചനയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കുന്നത്. വെടിനിര്‍ത്തല്‍ നീണ്ടുനില്‍ക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ എത്ര കാലം എന്ന് കൃത്യമായി അറിയില്ല. തങ്ങള്‍ക്കൊപ്പം അറബ് രാജ്യങ്ങളും യുദ്ധം ഇല്ലാതാക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു.