TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

റമദാന്‍ ആരംഭിക്കുമ്പോള്‍ വിശപ്പില്‍ വലഞ്ഞ് ഗാസ

11 Mar 2024   |   1 min Read
TMJ News Desk

മദാന്‍ ആരംഭിക്കുമ്പോള്‍ ഗാസയില്‍ എല്ലായിടത്തും വിശപ്പെന്ന് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയായ unrwa. യുദ്ധം അഞ്ചുമാസം പിന്നിട്ടതോടെ 75 ശതമാനം ജനങ്ങളും പലായനം ചെയ്ത ഗാസയില്‍ മുഴുപ്പട്ടിണിയാണ്. ഗാസയിലേക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്ന യുഎന്‍ ഏജന്‍സികളെ ഇസ്രായേല്‍ സൈന്യം തടയുന്നതാണ് ഗാസയെ കൂടുതല്‍ ദുരിതത്തിലാക്കുന്നത്.

റമദാനിന്റെ തലേന്ന് അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്‌സ മസ്ജിദില്‍ നൂറുകണക്കിന് പലസ്തീനികള്‍ പ്രവേശിക്കുന്നത് ഇസ്രായേല്‍ സൈന്യം തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ ചെയര്‍മാനായ ഇസ്മായില്‍ ഹനിയേ റമദാന് മുമ്പ് വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതില്‍ പരാജയപ്പെട്ടതിന് ഇസ്രായേലിനെ കുറ്റപ്പെടുത്തിയിരുന്നു. ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കാത്ത ഒരു കരാര്‍ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പട്ടിണിയാലും പകര്‍ച്ചവ്യാധികളാലും നരകയാതന അനുഭവിക്കുന്ന ഗാസയിലേക്ക് സഹായമെത്തിക്കാന്‍ താല്കാലിക തുറമുഖം നിര്‍മിക്കാന്‍ 1000 സൈനികരെ വിന്യസിക്കുമെന്ന് കഴിഞ്ഞദിവസം യുഎസ് പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു. ഗാസയിലെ മെഡിറ്ററേനിയന്‍ തീരത്തായിരിക്കും തുറമുഖം നിര്‍മിക്കുക. രണ്ട് ഭാഗങ്ങളായി തീരക്കടലിലാണ് തുറമുഖം സജ്ജമാക്കുക. 

ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം

ഇസ്രായേല്‍ സൈന്യം അധിനിവേശ വെസ്റ്റ്ബാങ്ക് നഗരമായ തുല്‍ക്കറെമിലും നൂര്‍ ഷംസ് അഭയാര്‍ത്ഥി ക്യാമ്പിലും ആക്രമണം നടത്തി അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തു. 25-ലധികം വാഹനങ്ങളും നാല് ബുള്‍ഡോസറുകളും തെരുവുകളില്‍ വിന്യസിച്ചാണ് ആക്രമണം നടത്തിയത്. രണ്ടുദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് ക്യാമ്പിന്റെ പടിഞ്ഞാറന്‍ കവാടത്തിലെ സെയ്ഫ് അബു ലെബ്ദ റൗണ്ട് എബൗട്ടിന്റെ പരിസരത്ത് ബുള്‍ഡോസറുകളുപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


#Daily
Leave a comment