
ഗാസ യുദ്ധം: ബിബിസി ഡയറക്ടർ ഒഴിവാകണം; വില്യം ഡാൽറിംപിൾ
ഇസ്രായേൽ പലസ്തീൻ യുദ്ധത്തിൽ ഇസ്രായേലിന് അനുകൂലമായി പക്ഷപാതപരമായ നിലപാട് സ്വീകരിച്ച റോബി ഗിബ്ബ് ബിബിസി-യുടെ ഡയറക്ടർ സ്ഥാനം രാജിവെക്കണമെന്ന് പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ വില്യം ഡാൽറിംപിൾ ആവശ്യപ്പെട്ടു. എക്സിൽ ( മുൻ ട്വിറ്റർ) ആണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
ബിബിസി-യുടെ പശ്ചിമേഷ്യ വാർത്തകളും വീക്ഷണങ്ങളും നിര്ണയിക്കുന്നതിലും സെൻസർ ചെയ്യുന്നതിലും റോബി ഗിബ്ബിന് പങ്കുണ്ട് എന്നതിനാലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ജ്യൂയിഷ് ക്രോണിക്കിൽ എന്ന പ്രസിദ്ധീകരിണത്തെ വലതുപക്ഷഅനുകൂലവും നെതന്യാഹുവിന്റ പ്രചരണായുധമാക്കി മാറ്റിയതിന്റെ പിന്നിൽ റോബി ഗിബ് ആണ്. ഗാസ യുദ്ധവുമായി ബന്ധപ്പെട്ട [പക്ഷപാതപരവും കെട്ടിച്ചമച്ചതുമായ ഉള്ളടക്കം നൽകുന്നതിന്റെ പേരിൽ ജ്യൂയിഷ് ക്രോണിക്കിളിന്റെ നാലു കോളമിസ്റ്റുകൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് രാജി വച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഗിബ്ബ് രാജിവെക്കണമെന്ന ആവശ്യം ഡാൽറിംപിൾ മുന്നോട്ടു വച്ചതെന്ന് കരുതാം. ബിബിസിയുടെ എഡിറ്റോറിയൽ മാർഗ്ഗനിർദ്ദേശങ്ങളിലും മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിലും ഉൾപ്പെടുന്ന അഞ്ച് പേരിൽ ഒരാളാണ് റോബി ഗിബ് എന്ന ബിബിസിയുടെ സൈറ്റിലുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇസ്രായേൽ/ഗാസ വിഷയത്തിലെ പരാതികൾ അവർ ചർച്ച ചെയ്തതായി അവസാന മീറ്റിംഗിലെ മിനിറ്റ്സ് വ്യക്തമാക്കുന്നു. മിഡിൽ ഈസ്റ്റ് വിഷയത്തിൽ റോബി ഗിബ്ബ് ഒട്ടും നിഷ്പക്ഷനല്ല എന്ന വസ്തുതയ്‌ക്ക് പുറമെ, മോശം പത്രപ്രവർത്തന നിലവാരവും അങ്ങേയറ്റം പരുഷവും പക്ഷപാതവുമുള്ള മാധ്യമത്തിലെ പ്രധാന ഓഹരി ഉടമയ്ക്ക് ബിബിസിയിൽ എങ്ങനെ ഒരു റോൾ വഹിക്കാനാകും? ഡാൽറിംപിൾ ചോദിക്കുന്നു.
ആശ്ചര്യം, ആശ്ചര്യം! എന്നാണ് ഈ സ്ഥിതിയെ ഡാൽറിംപിൾ വിശേഷഷിപ്പിക്കുന്നത്. ജെസിയെ (ജ്യൂയിഷ് ക്രോണിക്കിൾ) തീവ്രവലതുപക്ഷ അനുകൂലമായി, നെതന്യാഹു പക്ഷത്തേക്ക് ചരിയുന്നതിന് നേതൃത്വം നൽകിയ വ്യക്തിയായ റോബി ഗിബ് ബിബിസി ഡയറക്ടർ ആണെന്ന് ബിബിസി ന്യൂസ് ശ്രദ്ധിക്കുന്നില്ല, അദ്ദേഹം തന്റെ എക്സ് (X) സന്ദേശങ്ങളിൽ പറഞ്ഞു.
ലണ്ടൻ ആസ്ഥാനമായ ജ്യൂയിഷ് ക്രോണിക്കിളിൽ ഇസ്രായേൽ - പലസ്തീൻ യുദ്ധത്തെ കുറിച്ച് ഇസ്രായേൽ സൈന്യത്തിൽ ജോലി ചെയ്തിരുന്ന എലോൺ പെറി എഴുതിയ ലേഖനങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് ആ ലേഖനങ്ങൾ നീക്കം ചെയ്തു. കെട്ടിചമച്ച ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് കോളമിസ്റ്റും ബി ബി സി റേഡിയോയിലെ ലോങ് വ്യൂ എന്ന പ്രോഗ്രാമിന്റെ അവതാരകനുമായ ജൊനാഥൻ ഫ്രീലാൻഡ്, ഡേവിഡ് ആരോനോവിച്ച്, ഡേവിഡ് ബാഡിയേൽ, ഹാഡ്‌ലി ഫ്രീമാൻ എന്നിവർ തങ്ങൾ ഇനി ജ്യൂയിഷ് ക്രോണിക്കിളിൽ പംക്തി എഴുതില്ലെന്ന് പ്രഖ്യാപിച്ച് രാജിവെച്ചിരുന്നു.
ജ്യൂയിഷ് ക്രോണിക്കിളുമായി ബന്ധപ്പെട്ടുണ്ടായ ഈ വിവാദം നാണക്കേടും അവമതിച്ചും ഉണ്ടാക്കുന്നതിനാലാണ് രാജി നൽകുന്നതെന്ന് നാല് കോളമിസ്റ്റുകളും അവരുടെ എക്സ് (X) അക്കൗണ്ടുകളിൽ വ്യക്തമാക്കി. ആദ്യമായല്ല, ഇങ്ങനെ സംഭവിക്കുന്നതെന്നും പലപ്പോഴും പക്ഷപാതപരമായും പ്രത്യയശാസ്ത്രപരമായ ഉപകരണം പോലെ പ്രവർത്തിക്കുന്നുവെന്ന വിമർശനവും അവർ ഉന്നയിച്ചിരുന്നു.


