
ഗാസ യുദ്ധം: ജ്യൂയിഷ് ക്രോണിക്കിളില്‍ നിന്നും നാല് കോളമിസ്റ്റുകള്‍ രാജി നല്‍കി
ലണ്ടന്‍ ആസ്ഥാനമായുള്ള പ്രതിവാര പത്രമായ ദി ജൂയിഷ് ക്രോണിക്കിള്‍ (ദി ജെസി) ഗാസ യുദ്ധവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ഒരു പരമ്പര നീക്കം ചെയ്യാന്‍ നിര്‍ബന്ധിതമായതിനെ തുടര്‍ന്ന് പത്രത്തിന്റെ ഏറ്റവും മുതിര്‍ന്ന നാല് കോളമിസ്റ്റുകള്‍ രാജിവച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കോളമിസ്റ്റും ബിബിസി റേഡിയോവിലെ ദി ലോംഗ് വ്യൂ പ്രോഗ്രാമിന്റെ അവതാരകനുമായ ജോനാഥന്‍ ഫ്രീഡ്ലാന്‍ഡ്, ഡേവിഡ് ആരോനോവിച്ച്, ഡേവിഡ് ബാഡിയേല്‍, ഹാഡ്ലി ഫ്രീമാന്‍ എന്നിവര്‍ ജ്യൂയിഷ് ക്രോണിക്കളില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ചത്. സമൂഹ മാധ്യമമായ എക്സിലൂടെയാണ് രാജി അറിയിച്ചത്.
ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായ എലോണ്‍ പെറി ഇസ്രായേല്‍- ഹമാസ് യുദ്ധത്തെപ്പറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും ലേഖനങ്ങളുമാണ് രാജിക്ക് വഴിയൊരുക്കിയത്. ലേഖനങ്ങളും റിപ്പോര്‍ട്ടുകളും കെട്ടിച്ചമച്ചതാണെന്ന ആരോപണം വ്യാപകമായതിനെ തുടര്‍ന്നാണ് അവ പത്രത്തില്‍ നിന്നും നീക്കം ചെയ്തത്. ഗാസയിലെ ഇസ്രായേല്‍ സൈനിക നടപടികള്‍, രഹസ്യാന്വേഷണ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍, ഹമാസ് നേതാവ് യഹ്യ സിനവാറിന്റെ നീക്കങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആധികാരികമായ വസ്തുതകള്‍ എന്ന മട്ടിലാണ് അദ്ദേഹം തന്റെ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും അവതരിപ്പിച്ചിരുന്നത്. എന്നാല്‍ അവ കെട്ടിച്ചമച്ചതാണെന്ന് (ഫാബ്രിക്കേറ്റഡ്) ഇസ്രായേലി മാധ്യമങ്ങളില്‍ വരെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പെറിയുടെ ഒന്‍പത് ലേഖനങ്ങള്‍ നീക്കം ചെയ്തത്.
ഇസ്രായേല്‍ സൈന്യത്തില്‍ ജോലി ചെയ്തിരുന്നുവെന്ന പെറിയുടെ അവകാശവാദം ശരിയായിരുന്നുവെങ്കിലും മറ്റു പല കാര്യങ്ങളിലും വ്യക്തതയില്ലെന്ന് ജ്യൂയിഷ് ക്രോണിക്കിള്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. പെറിയില്‍ നിന്നുള്ള വിശദീകരണങ്ങളില്‍ തൃപ്തിയില്ലെന്നും അതിനാല്‍ അദ്ദേഹം എഴുതിയവ നീക്കം ചെയ്യുകയും എഴുത്തുകാരനുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തതായി ജൂയിഷ് ക്രോണിക്കിള്‍ പ്രസ്താവന ചൂണ്ടിക്കാട്ടി ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ജ്യൂയിഷ് ക്രോണിക്കളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവാദം നാണക്കേടും അവമതിപ്പും ഉണ്ടാക്കുന്നതിനാലാണ് രാജി നല്‍കുന്നതെന്ന് നാലു കോളമിസ്റ്റുകളും അവരവരുടെ X അക്കൗണ്ടുകളില്‍ വെളിപ്പെടുത്തി. ഇത് ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നതെന്നും ജൂയിഷ് ക്രോണിക്കിള്‍ മിക്കപ്പോഴും പക്ഷപാതപരവും പ്രത്യയശാസ്ത്രപരവുമായ ഉപകരണം പോലെ കാണപ്പെടുന്നുവെന്നും അവര്‍ പറഞ്ഞു.