ഗാസയിലെ ഏക കാന്‍സര്‍ ആശുപത്രി ഇസ്രയേലിന്റെ സൈനിക താവളം; അപലപിച്ച് തുര്‍ക്കി
ഗാസയിലെ ഏക കാന്‍സര്‍ ആശുപത്രി സൈനിക താവളമായി ഉപയോഗിച്ചതിന് ഇസ്രയേലിനെ വിമര്‍ശിച്ച് തുര്‍ക്കി. പ്രത്യേക കാന്‍സര്‍ ആശുപത്രിക്ക് കേടുപാടുകള്‍ വരുത്തിയതിന് ഇസ്രയേലിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും തുര്‍ക്കി പ്രതികരിച്ചു. അതേസമയം ഗാസയിലെ അഭയകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണം ശക്തമാവുകയാണ്. സെന്‍ട്രല്‍ ഗാസയിലെ നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് കുട്ടികളടക്കം 11 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയുടെ ഗാസയിലെ ആസ്ഥാനം സൈന്യം തകര്‍ത്തതായി യുഎന്‍ആര്‍ഡബ്ല്യുഎ മേധാവി ഫിലിപ്പ് ലസാരിനി പ്രതികരിച്ചു. യുഎന്‍ സൗകര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള അവഗണനയുടെ മറ്റൊരു ഉദാഹരണമായി ഈ ആക്രമണത്തെ കാണേണ്ടതുണ്ടെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ എക്‌സ്റ്റേണല്‍ റിലേഷന്‍സ് മേധാവി അല്‍ റിഫായി പറഞ്ഞു. അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട കെട്ടിടങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ ഇതുവരെ 1600- ലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.
വീണ്ടും ഹൂതി ആക്രമണം
ചെങ്കടലിലും മെഡിറ്ററേനിയന്‍ കടലിലുമായി വീണ്ടും ഹൂതികളുടെ ആക്രമണം. ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ പ്രയോഗിച്ചുകൊണ്ട് മൂന്ന് കപ്പലുകളെ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് ഹൂതികള്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലിനുള്ള മറുപടിയാണ് ആക്രമണമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാറീ പ്രതികരിച്ചു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടങ്ങിയതിന് പിന്നാലെയാണ് ഹൂതി ആക്രമണങ്ങള്‍ ആരംഭിക്കുന്നത്. ഹൂതി ആക്രമണം ഇതുവരെ 65 രാജ്യങ്ങളെയും പ്രധാന ഷിപ്പിങ് കമ്പനികളെയും ബാധിച്ചിട്ടുണ്ടെന്നാണ് യുഎസ് എജന്‍സിയുടെ റിപ്പോര്‍ട്ട്. ഖാന്‍ യൂനിസില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നൂറ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.