PHOTO: PTI
ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന് ഗാസയിലെ സഹറ
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ വടക്കന്‍ ഗാസയിലെ സഹറ മേഖല പൂര്‍ണ്ണമായും തകര്‍ന്നു. ഗാസ സിറ്റിയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയും ആക്രമണത്തില്‍ തകര്‍ന്നു. നൂറുകണക്കിനു പേര്‍ പള്ളിയില്‍ അഭയം തേടിയ സമയത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ സെന്റ് പോര്‍ഫീറിയസ് പള്ളി തകര്‍ന്നതായും ഒട്ടേറെ പലസ്തീനികള്‍ അവിടെ അഭയം പ്രാപിച്ചിരുന്നതായും ജറുസലേമിലെ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കേറ്റ് അറിയിച്ചു. സംഭവത്തില്‍ പതിനാറോളം പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. പലസ്തീനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 4137 പേരാണ്. ഇതില്‍ 1500 കുട്ടികള്‍ ഉള്‍പ്പെടുന്നു. 13000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 10 ലക്ഷം പേര്‍ക്ക് വീട് നഷ്ട്‌പ്പെട്ടു. അഭയാര്‍ത്ഥി ക്യാമ്പുകളിലടക്കമാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്.
കരയാക്രമണത്തിന് ഉത്തരവുണ്ടാകും
ഇസ്രയേല്‍ ഏതു സമയവും കരയാക്രമണം നടത്താനുള്ള സാധ്യതയുണ്ട്. കരയാക്രമണത്തിന് ഗാസയിലേക്ക് കടക്കാനുള്ള ഉത്തരവ് ഉടന്‍ നല്‍കും എന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യയാവ് ഗലാന്റ് അറിയിച്ചു. ഗാസയില്‍ ഇതുവരെ സഹായങ്ങള്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ല. ഗാസയിലേക്കുള്ള അവശ്യ സാധന സാമഗ്രികള്‍ റഫാ അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുകയാണ്. ഹമാസിന്റെ കയ്യില്‍ സഹായം എത്തരുതെന്ന് ഉറപ്പാക്കാന്‍ പരിശോധന വേണം എന്ന യുഎസിന്റെയും ഇസ്രയേലിന്റെയും നിലപാടുകൊണ്ടാണ് ട്രക്കുകള്‍ കടത്തിവിടാതെ അതിര്‍ത്തിയില്‍ പിടിച്ചിട്ടിരിക്കുന്നത്.