ജനറല്‍ അബ്ദൗ റഹ്‌മാന്‍ ചിയാനി | PHOTO: PTI
നൈജറിന്റെ പുതിയ ഭരണാധികാരിയായി ജനറല്‍ അബ്ദൗ റഹ്‌മാന്‍; അപലപിച്ച് ലോകരാഷ്ട്രങ്ങള്‍
അട്ടിമറി നടന്ന നൈജറില്‍ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ് മേധാവി ജനറല്‍ അബ്ദൗ റഹ്‌മാന്‍ ചിയാനി ഇടക്കാല ഭരണകൂടത്തിന്റെ തലവനായി സ്വയം പ്രഖ്യാപിച്ചു. സൈന്യം തടവിലാക്കിയ നൈജര്‍ പ്രസിഡന്റ് മുഹമ്മദ് ബാസൂമിന്റെ സുരക്ഷാസേന തലവനായിരുന്നു അബ്ദൗ റഹ്‌മാന്‍ ചിയാനി. ദേശീയ ടെലിവിഷന്‍ ചാനലിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് നൈജറിന്റെ നേതൃസ്ഥാനം ഏറ്റെടുത്തതായി ചിയാനി പ്രഖ്യാപിച്ചത്.
ബുധനാഴ്ച നാടകീയ അട്ടിമറിയിലൂടെയാണ് പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ് നൈജറിന്റെ ഭരണം പിടിച്ചെടുത്തത്. അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിന്റെ ആരോഗ്യനില സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം ഇപ്പോഴും സുരക്ഷാ സൈനികരുടെ തടവിലാണ്.
മറ്റാരേയും അംഗീകരിക്കില്ല
മുഹമ്മദ് ബാസൂമിനെയല്ലാതെ മറ്റാരെയും നൈജറിന്റെ പ്രസിഡന്റായി അംഗീകരിക്കില്ലെന്ന് ഫ്രാന്‍സ്. രാജ്യത്ത് ജനാധിപത്യ ഭരണം എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്നും ഫ്രാന്‍സ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സൈന്യത്തിന്റെ അട്ടിമറിക്കെതിരെ ഐക്യരാഷ്ട്ര സഭ, ആഫ്രിക്കന്‍ യൂണിയന്‍, വെസ്റ്റ് ആഫ്രിക്കന്‍ റീജ്യണല്‍ ബ്ലോക്ക്, യൂറോപ്യന്‍ യൂണിയന്‍ എന്നിവരും രംഗത്തെത്തി. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ നൈജറിന്റെ നീക്കത്തില്‍ ആശങ്കയിലാണ്. ഭരണം പുനഃസ്ഥാപിച്ചില്ലെങ്കില്‍ നൈജറുമായുള്ള സഹകരണം റദ്ദാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.
പ്രസിഡന്റിന് പിന്തുണയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ രംഗത്തുവന്നിരുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന നിലയില്‍ അമേരിക്ക പിന്തുണ അറിയിക്കുന്നതായും അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. യുഎന്നിന്റെ പൂര്‍ണപിന്തുണ പ്രസിഡന്റിന് പ്രഖ്യാപിച്ചതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും വ്യക്തമാക്കി.
ഫ്രാന്‍സും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളുമായും അടുത്തബന്ധം പുലര്‍ത്തുന്ന സഖ്യകക്ഷിയാണ് നൈജര്‍. 1960 ല്‍ ഫ്രാന്‍സില്‍ നിന്നും സ്വതന്ത്രമായതിനുശേഷം നൈജര്‍ നാല് പട്ടാള അട്ടിമറികളും നിരവധി അട്ടിമറി നീക്കങ്ങളും നേരിട്ടിട്ടുണ്ട്. അടുത്ത വര്‍ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മുഹമ്മദ് ബസൗം വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ.
നീക്കം ഭരണപരാജയത്തെ തുടര്‍ന്ന്
നിലവിലെ സര്‍ക്കാരിന് അവസാനമായതായി സൈനിക അട്ടിമറിക്ക് നേതൃത്വം നല്‍കിയ മേജര്‍ അമദൗ അബ്ഡ്രാമനെ പറഞ്ഞു. നിലവിലെ ഭരണസംവിധാനം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും പരാജയപ്പെട്ടതായും നൈജറിലെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും ഭരണം ഏറ്റെടുക്കുന്നതായും വീഡിയോയിലൂടെ വ്യക്തമാക്കി. പ്രഖ്യാപനത്തില്‍ അദ്ദേഹത്തോടൊപ്പം മറ്റ് ഒമ്പത് സൈനികരും ഉണ്ടായിരുന്നു.
ബുധനാഴ്ച പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വന്‍ ജനക്കൂട്ടം തലസ്ഥാനനഗരമായ നിയോമെയില്‍ റാലി നടത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സൈന്യം വെടിയുതിര്‍ത്തു. സുരക്ഷാ സാഹചര്യം നിലവില്‍ ശാന്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാഹചര്യങ്ങള്‍ സുസ്ഥിരമാകുന്നതുവരെ വ്യോമ-കര അതിര്‍ത്തികള്‍ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.
തുടര്‍ച്ചയാകുന്ന പട്ടാള അട്ടിമറി
2021 ലാണ് മുഹമ്മദ് ബസൗം നൈജറിന്റെ പ്രസിഡന്റാകുന്നത്. 2021 മാര്‍ച്ചില്‍ മുഹമ്മദ് ബസൗം സത്യപ്രതിജ്ഞ ചെയ്യുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പും പ്രസിഡന്റിന്റെ വസതി പിടിച്ചെടുക്കാനുള്ള ശ്രമം സൈനികര്‍ നടത്തിയിരുന്നു. 2020 മുതല്‍ അയല്‍രാജ്യങ്ങളായ മാലിയിലും ബുര്‍ക്കിന ഫാസോയിലുമുണ്ടായ നാല് സൈനിക ഏറ്റെടുക്കലിന് സമാനമാണ് നൈജറിലെ നിലവിലെ സാഹചര്യം.
62 കാരനായ ജനറല്‍ അബ്ദൗ റഹ്‌മാന്‍ ചിയാനി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഇസൂഫുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ്. 2011 മുതല്‍ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന്റെ ചുമതല വഹിക്കുന്നയാളാണ് ചിയാനി. 2018 ല്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് ഇസൂഫു ആണ് ഇദ്ദേഹത്തെ ജനറല്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.