മ്യാന്‍മറില്‍ വീണ്ടും കൂട്ടവംശഹത്യ; ബുത്തിഡോങ് നഗരത്തിന് തീയിട്ടു
മ്യാന്‍മറില്‍ വീണ്ടും റോഹിങ്ക്യന്‍ മുസ്ലിം വംശഹത്യ. രണ്ട് ലക്ഷത്തോളം റോഹിങ്ക്യന്‍ ജനത തിങ്ങിപ്പാര്‍ക്കുന്ന ബുത്തിഡോങ് നഗരത്തില്‍ മ്യാന്‍മര്‍ സൈന്യം തീയിട്ടതായി റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് സംവിധാനമുള്‍പ്പെടെയുള്ളവ ബുത്തിഡോങില്‍ സൈന്യം വിച്ഛേദിച്ചിരിക്കുകയാണ്.
തീവയ്പ്പിന് ശേഷമുള്ള ബുത്തിഡോങ് നഗരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നഗരം അപ്പാടെ കത്തിക്കരിഞ്ഞ നിലയിലാണ്. തീപിടുത്തത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് പുറത്തേക്ക് കടക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭക്ഷണമോ വെള്ളമോ കിട്ടാതെ ഒളിസങ്കേതങ്ങളില്‍ കഴിയുകയാണ്. സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെയും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഈ മാസം 18 ന് ബുത്തിഡോങ് നഗരം വിട്ടുപോകണമെന്ന് മ്യാന്‍മര്‍ സൈന്യം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 2017 ലായിരുന്നു റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരെ ഏറ്റവും വലിയ വംശഹത്യ നടന്നത്. അന്നത്തേക്കാള്‍ ഭീകരമായ വംശഹത്യയാണ് ഇക്കുറി നടന്നിട്ടുള്ളതെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. 2021 ലെ അട്ടിമറിക്കുശേഷം മ്യാന്‍മറിന്റെ അധികാരം പിടിച്ചെടുത്തത് മുതല്‍ വ്യാപകമായ അക്രമങ്ങളാണ് സൈന്യം മ്യാന്‍മറില്‍ നടത്തിവരുന്നത്.