TMJ
searchnav-menu
post-thumbnail

TMJ Daily

കേരളത്തെ അപമാനിച്ച ജോര്‍ജ് കുര്യന്‍ മാപ്പ് പറയണം: വി ഡി സതീശന്‍

02 Feb 2025   |   1 min Read
TMJ News Desk

കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ അവഹേളിച്ച ജോര്‍ജ് കുര്യന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. പ്രസ്താവന പിന്‍വലിച്ച് ജോര്‍ജ് കുര്യന്‍ മാപ്പ് പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ബജറ്റില്‍ കേരളമെന്ന വാക്ക് പോലുമില്ല. കേരളം ഉന്നയിച്ച ഒരു ആവശ്യവും പരിഗണിച്ചില്ല. ഇതൊരു രാഷ്ട്രീയ വിമര്‍ശനമായി ഉന്നയിക്കുമ്പോള്‍ കേരളീയരെയാകെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ നിന്നുള്ള മറ്റൊരു  കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ബിജെപി സംസ്ഥാന നേതൃത്വത്തിനും ഇതേ അഭിപ്രായം തന്നെയാണോയെന്ന് വ്യക്തമാക്കണമെന്നും സതീശന്‍ പറഞ്ഞു.

കേരളത്തിന്റെ നേട്ടങ്ങളില്‍ ബിജെപിക്കും സംഘ്പരിവാറിനും എന്ത് പങ്കാണുള്ളത്?  സംസ്ഥാനത്തിന് ആവശ്യമായത് നേടിയെടുക്കാനുള്ള ആര്‍ജ്ജവമോ ഇച്ഛാശക്തിയോ ജോര്‍ജ് കുര്യനോ സുരേഷ് ഗോപിക്കോ ഇല്ല. പ്രധാനമന്ത്രിയുടെ താളത്തിന് തുള്ളുന്ന കളിപ്പാവകളായി കേന്ദ്ര മന്ത്രിമാര്‍ അധപതിക്കരുതെന്നും വി ഡി സതീശന്‍ പറഞ്ഞു.

രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള അതിരുവിട്ട ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ബജറ്റിന്റെ വിശ്വാസ്യതയാണ് നഷ്ടമാകുന്നത്. കാലാകാലങ്ങളായി കേരളം നേടിയ നേട്ടങ്ങളെ ഇല്ലാതാക്കുകയാണ് സംഘ്പരിവാറിന്റെ ശ്രമം. അതിനുള്ള നീക്കങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സംഘ്പരിവാര്‍ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് ജോര്‍ജ് കുര്യന്റെ വാക്കുകളില്‍ കാണുന്നത്. ബിജെപി മന്ത്രിയാണെങ്കിലും ജോര്‍ജ് കുര്യന്‍ കേരളീയനാണെന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.


#Daily
Leave a comment