
ജര്‍മ്മനി: രാഷ്ട്രീയ പാര്‍ട്ടികള്‍ സൈനിക, സമ്പദ് വ്യവസ്ഥ പരിഷ്‌കാരങ്ങള്‍ക്ക് അംഗീകാരം നല്‍കി
ജര്‍മ്മനിയില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ചര്‍ച്ചകള്‍ നടത്തുന്ന പാര്‍ട്ടികള്‍ 500 ബില്ല്യണ്‍ യൂറോയുടെ അടിസ്ഥാനസൗകര്യ ഫണ്ട് രൂപീകരിക്കുക, കടമെടുക്കല്‍ ചട്ടങ്ങള്‍ പരിഷ്‌കരിക്കുക, സൈന്യത്തെ പരിഷ്‌കരിക്കുന്നതിന് കൂടുതല്‍ ചെലവഴിക്കുക, യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുക എന്നിവയില്‍ അഭിപ്രായ ഐക്യത്തില്‍ എത്തി.
കഴിഞ്ഞ മാസം നടന്ന ദേശീയ തിരഞ്ഞെടുപ്പിനുശേഷം കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഫ്രെഡ്രിഷ് മെഴ്‌സിന്റെ കണ്‍സര്‍വേറ്റീവുകളും സോഷ്യല്‍ ഡെമോക്രാറ്റുകളും ചര്‍ച്ചകള്‍ നടത്തി വരികയാണ്. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അടുത്ത ആഴ്ച്ച ജര്‍മ്മന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
അടുത്ത ജര്‍മ്മന്‍ ചാന്‍സലറാകാനുള്ള സാധ്യത മെഴ്‌സിനാണുള്ളത്. ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയശേഷം അറ്റ്‌ലാന്റിക്കിന് ഇരുവശത്തുമുള്ള സഖ്യത്തെ കുഴപ്പത്തിലാക്കിയ അവസരം മെഴ്‌സ് മുതലെടുത്തു. യൂറോപ്പ് സ്വന്തം പ്രതിരോധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് മെഴ്‌സ് ഊന്നല്‍ നല്‍കി. യൂറോപ്പിനെ മാറ്റി നിര്‍ത്തിക്കൊണ്ട് യുക്രെയ്ന്‍- റഷ്യ യുദ്ധത്തില്‍ സമാധാനക്കരാര്‍ നടപ്പിലാക്കാനും ട്രംപ് ശ്രമിച്ചിരുന്നു.
ജര്‍മ്മനിയുടെ സ്വാതന്ത്ര്യത്തിനും യൂറോപ്പിന്റെ സമാധാനത്തിനും മേലുള്ള ഭീഷണികളുടെ സാഹചര്യത്തില്‍ എന്തൊക്കെ സംഭവിച്ചാല്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കണമെന്ന് മെഴ്‌സ് പറഞ്ഞു.
കടം വാങ്ങുന്നതിനുള്ള പരിധി നീക്കം ചെയ്ത് ഭരണഘടനയില്‍ പരിഷ്‌കാരം കൊണ്ടുവരണമെന്ന് സാമ്പത്തിക വിദഗ്ദ്ധരും നിക്ഷേപകരും വാദിച്ചു വരികയായിരുന്നു. ഇത് നിക്ഷേപത്തെ ആകര്‍ഷിക്കും. കഴിഞ്ഞ രണ്ട് വര്‍ഷമായി ജര്‍മ്മനിയുടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കുറയുകയാണ്.
വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് യൂറോയുടെ മൂല്യം വര്‍ദ്ധിച്ചു.