PHOTO: PIXABAY
ജപ്പാനെ പിന്‍തള്ളിക്കൊണ്ട് ലോകത്തിലെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി ജര്‍മനി
ജപ്പാനെ മറികടന്ന് ലോകത്തെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി ജര്‍മനി. യുഎസിനും ചൈനയ്ക്കും ജര്‍മനിക്കും പിന്നിലായി നാലാം സ്ഥാനത്തേക്ക് ജപ്പാന്‍ പിന്‍തള്ളപ്പെട്ടു. 2010 ല്‍ ചൈനയുടെ സമ്പദ്ഘടന കുതിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു ജപ്പാന്‍. കണക്കുകള്‍ പ്രകാരം 2023 ലെ ജപ്പാന്റെ സമ്പദ്‌വ്യവസ്ഥ 4.2 ട്രില്യണ്‍ ഡോളറാണ്. ജര്‍മനിയുടേത് 4.4 ട്രില്യണ്‍ ഡോളറും.
യുഎസ് ഡോളറിനെതിരെ യെന്‍ 9 ശതമാനം ഇടിവ് നേരിട്ടതാണ് ജപ്പാന്റെ സ്ഥാനമാറ്റത്തിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. പ്രധാന കയറ്റുമതി ഉല്‍പന്നമായ കാറ് ഉള്‍പ്പെടെയുള്ളവയ്ക്ക് വിദേശവിപണിയില്‍ വില കുറയാനിടയായതും പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ചെറുകിട, ഇടത്തരം ബിസിനസുകളിലൂടെയാണ് ജപ്പാനും ജര്‍മനിയും സമ്പദ് വ്യവസ്ഥ കെട്ടിപ്പടുത്തത്. ജപ്പാനില്‍നിന്ന് വ്യത്യസ്തമായി കരുത്തുറ്റ യൂറോയുടെയും കുറഞ്ഞ പണപ്പെരുപ്പത്തിന്റെയും പിന്‍ബലത്തിലാണ് ജര്‍മനി സാമ്പത്തിക അടിത്തറ ശക്തമാക്കിയത്. യെന്‍ ദുര്‍ബലമായത് ജപ്പാനെ ബാധിച്ചു. ഓട്ടോ സെക്ടറില്‍ ജപ്പാന്‍ ആഗോളതലത്തില്‍ കരുത്ത് പ്രകടിപ്പിച്ചിരുന്നെങ്കിലും ഇലക്ട്രിക് വാഹനങ്ങളുടെ വരവ് ആ നേട്ടത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജിഡിപിയില്‍ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന വിലയിരുത്തലുകളും നിലനില്‍ക്കുന്നുണ്ട്.
എക്കണോമിക് മിറാക്കിള്‍ അവസാനിക്കുമോ?
ജപ്പാന്‍ ചരിത്രപരമായി എക്കണോമിക് മിറാക്കിള്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിന്നും യുഎസിന് ശേഷമുള്ള രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ജപ്പാന്‍ ഉയരുകയായിരുന്നു. 1970 കളിലും 1980 കളിലും ഇത് തുടര്‍ന്നു. ചെറിയ തുടക്കത്തില്‍ നിന്നും ഉയര്‍ന്നുവന്ന ഹോണ്ട മോട്ടോര്‍ കമ്പനിയുടെ സോയിചിറോ ഹോണ്ട, പാനസോണിക് കോര്‍പ്പറേഷന്റെ കൊനോസുകെ മാറ്റ്‌സുഷിത തുടങ്ങിയ കമ്പനികള്‍ക്ക് അതില്‍ വലിയ പങ്കുണ്ടായിരുന്നു. മെയ്ഡ് ഇന്‍ ജപ്പാന്‍ വിലകുറഞ്ഞതും ഗുണമേന്മയുള്ളതുമാണെന്ന പ്രശസ്തി നേടിയിരുന്നു. ചില ഉല്‍പ്പന്നങ്ങള്‍ ലോകമെമ്പാടും വിലമതിക്കപ്പെടുകയും ചെയ്തിരുന്നു.