TMJ
searchnav-menu
post-thumbnail

TMJ Daily

മദ്യപിച്ചോളൂ, ഓവറാക്കരുത്: പാര്‍ട്ടി പ്രവര്‍ത്തകരോടും നേതാക്കളോടും സിപിഐ

08 Jan 2025   |   1 min Read
TMJ News Desk

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും മദ്യപിക്കാന്‍ അനുവാദം നല്‍കി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ). എന്നാല്‍, ഒരു നിബന്ധനയുണ്ട്, അമിതമാകരുത്.

ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാകും ഇത്തരത്തിലൊരു അനുവാദം നല്‍കുന്നത്. സിപിഐയുടെ കേരളത്തിലെ ഘടകമാണ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും മദ്യപിക്കാന്‍ അനുവാദം നല്‍കിയത്.

മദ്യപിക്കുന്നത് കുഴപ്പമില്ല, പക്ഷേ അമിതമായി മദ്യപിച്ച് ലക്കുകെട്ട് പൊതുസ്ഥലങ്ങളില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തരുതെന്ന് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമുള്ള പുതിയ പെരുമാറ്റ ചട്ടത്തില്‍ പറയുന്നു. ഈ ചട്ടം കഴിഞ്ഞ ദിവസം സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചുവെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരേയും സിപിഐക്കാര്‍ക്ക് മദ്യപിക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല.

1992-ല്‍ തൃശൂരില്‍ നടന്ന പ്രത്യേക ദേശീയ സംഘടനാ സമ്മേളനത്തിലാണ് സിപിഐ ആദ്യമായി പെരുമാറ്റച്ചട്ടം പാസാക്കിയത്. 33 വര്‍ഷത്തിനുശേഷമാണ് പാര്‍ട്ടി ചട്ടം പുതുക്കുന്നത്. മദ്യപിക്കരുത് എന്നതാണ് സിപിഐയുടെ നയം എന്ന് പുതിയ ചട്ടം വിശദീകരിക്കുന്നു. പാര്‍ട്ടി സമൂഹത്തിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും തങ്ങളുടെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും ചട്ടം പറയുന്നു. കേഡറുകള്‍ തങ്ങളുടെ പെരുമാറ്റത്തിലൂടെ പൊതുസമൂഹത്തിന്റെ ബഹുമാനവും വിശ്വാസ്യതയും നേടണമെന്നും ചട്ടത്തില്‍ പറയുന്നു.

സിപിഐയുടെ സഹോദര പാര്‍ട്ടിയായ സിപിഐഎമ്മില്‍ മദ്യപാനത്തിന് നിരോധനം ഉണ്ട്. മദ്യപിച്ചവരെ പുറത്താക്കിയ ചരിത്രവും പാര്‍ട്ടിക്കുണ്ട്.




#Daily
Leave a comment